തമിഴ്നാട്ടിൽ മഴക്കെടുതിയിൽ മരണം 6 ആയി;അഞ്ച് ജില്ലകളിൽ റെഡ് അലേട്ട്
തമിഴ്നാട്ടിൽ അതിശക്തമായ മഴയിൽ ആറ് പേർ മരിച്ചു. ദിണ്ടിഗലിൽ വെള്ളം നിറഞ്ഞ കുഴിയിൽ വീണു പ്രദേശവാസിയായ 45കാരിയും രാജസ്ഥാൻ സ്വദേശിയായ ഒന്നാം ക്ലാസ് വിദ്യാർത്ഥിയും മരിച്ചു. കൃഷ്ണഗിരിയിൽ സ്കൂട്ടറിൽ യാത്ര ചെയ്ത 45കാരി വൈദ്യുതികമ്പിയിൽ കുരുങ്ങി ഷോക്കേറ്റ് മരിച്ചു.
കനത്ത മഴയെത്തുടർന്ന് വിനോദസഞ്ചാരികളും പൊതുജനങ്ങളും കൊടൈക്കനാൽ മേഖലയിലേക്ക് വരുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കലക്ടർ ദുർഗ മൂർത്തി നിർദേശിച്ചു
ചെന്നൈ: തമിഴ്നാട്ടിൽ അതിശക്തമായ മഴയിൽ ആറ് പേർ മരിച്ചു. ദിണ്ടിഗലിൽ വെള്ളം നിറഞ്ഞ കുഴിയിൽ വീണു പ്രദേശവാസിയായ 45കാരിയും രാജസ്ഥാൻ സ്വദേശിയായ ഒന്നാം ക്ലാസ് വിദ്യാർത്ഥിയും മരിച്ചു. കൃഷ്ണഗിരിയിൽ സ്കൂട്ടറിൽ യാത്ര ചെയ്ത 45കാരി വൈദ്യുതികമ്പിയിൽ കുരുങ്ങി ഷോക്കേറ്റ് മരിച്ചു.
കനത്ത മഴയെത്തുടർന്ന് വിനോദസഞ്ചാരികളും പൊതുജനങ്ങളും കൊടൈക്കനാൽ മേഖലയിലേക്ക് വരുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കലക്ടർ ദുർഗ മൂർത്തി നിർദേശിച്ചു. ഗുണ കേവ്, പൈൻ ഫോറസ്റ്റ്, പില്ലർ റോക്ക്സ്, മോയിർ പോയിന്റ്, മന്നവനൂർ, ബ്രയൻ്റ് പാർക്ക്, കോക്കേഴ്സ് വാക്ക്, സിൽവർ കാസ്കേഡ് വെള്ളച്ചാട്ടം, ബെരിജാം തടാകം, ഗ്രീൻ വാലി വ്യൂ, ഡോൾഫിൻസ് നോസ്, പാംബാർ വെള്ളച്ചാട്ടം എന്നിവ പൂർണമായി അടച്ചു.
കോയമ്പത്തൂർ നീലഗിരി ജില്ലയിൽ കനത്ത മഴയിൽ മരങ്ങൾ കടപുഴകി വീഴുന്നതും മണ്ണിടിയുന്നതും തുടരുന്നതിനാൽ അടുത്ത 3 ദിവസത്തേക്ക് ഊട്ടിയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കലക്ടർ ലക്ഷ്മിഭവ്യ തന്നീരു നിർദേശിച്ചു. വൈകിട്ട് 6 മുതൽ രാവിലെ 7 വരെ യാത്ര നിരോധിച്ചു. സർക്കാർ ബസുകളും ഓടില്ല. മേട്ടുപ്പാളയം- കൂനൂർ പാത ചൊവ്വാഴ്ച രാവിലെ വരെ പൂർണമായി അടച്ചിടും.
മേട്ടുപ്പാളയം- കോത്തഗിരി വഴി പകൽസമയം നിയന്ത്രണങ്ങളോടെ കടത്തിവിടും. ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിടാൻ തീരുമാനിച്ചു. അത്യാവശ്യത്തിനല്ലാതെ രാത്രി പുറത്തിറങ്ങരുതെന്നു ജില്ലയിൽ താമസിക്കുന്നവരോടു നിർദേശിച്ചിട്ടുണ്ട്.സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ റെഡ് അലർട്ടാണ്. 18 ജില്ലകളിൽ ഓറഞ്ച് അലർട്ട്. ചെന്നൈ അടക്കം 22 ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.