ഭര്‍ത്താവ് ഉപദ്രവിക്കുന്നുവെന്ന് മകള്‍ ; മരുമകനെ ഓടുന്ന ബസില്‍ കൊലപ്പെടുത്തി ദമ്പതികള്‍
മകളെ നിരന്തരം ഉപദ്രവിച്ചതിന് മരുമകനെ ഓടുന്ന ബസില്‍ വെച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ദമ്പതികള്‍. മഹാരാഷ്ട്രയിലാണ് സംഭവം. മകളുടെ ഭര്‍ത്താവായ സന്ദീപ് ഷിര്ഡഗാവെ (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കോലാപൂര്‍ സ്വദേശികളായ ഹനുമന്തപ്പ കാലെ (48). ഭാര്യ ഗൗരവ കാലെ (45) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. കോലാപൂര്‍ ബസ് സ്റ്റാന്റില്‍ വെച്ച് സന്ദീപിനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. പിന്നാലെ ജീവനക്കാര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് സംഘം സ്ഥലത്തെത്തി യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ശ്വാസം മുട്ടിയാണ് മരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവാവിന്റെ മൃതദേഹത്തിനരികില്‍ നിന്നും ലഭിച്ച ബാഗിലെ രേഖകളിലൂടെയാണ് യുവാവിനെയും കുടുംബത്തെയും കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ബാഗില്‍ നിന്ന് ലഭിച്ച ഫോണില്‍ നിന്ന് ഭാര്യയുടെ നമ്പര്‍ കണ്ടെത്തിയ പൊലീസ് ഇവരെ ബന്ധപ്പെട്ടിരുന്നു. തന്റെ മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞ ദിവസം സന്ദീപ് യാത്ര പുറപ്പെട്ടിരുന്നുവെന്നായിരുന്നു ഭാര്യയുടെ മൊഴി. മറ്റൊന്നും തനിക്കറിയില്ലെന്നും അവര്‍ വ്യക്തമാക്കി. ഇതോടെയാണ് സംശയം ഭാര്യയുടെ മാതാപിതാക്കളിലേക്കെത്തുന്നത്.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഒരു യുവതിയും യുവാവും ചേര്‍ന്ന് സന്ദീപിനെ വലിച്ചിഴച്ച് കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ഭാര്യയുടെ മാതാപിതാക്കളാണെന്ന് കണ്ടെത്തുകയും പിന്നാലെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.
സംഭവ ദിവസം സന്ദീപ് ഭാര്യയെയും മകനെയും കാണാന്‍ വീട്ടിലെത്തിയിരുന്നു. തിരിച്ച് പോകാന്‍ സമയത്ത് ഇയാളെ ദമ്പതികള്‍ ചേര്‍ന്ന് ബസ് സ്റ്റോപ്പില്‍ വിട്ടിരുന്നു. എന്നാല്‍ പിന്നീട് മദ്യപിച്ച് ലക്കുകെട്ട് സന്ദീപ് വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഇതോടെ ദമ്പതികള്‍ ബസില്‍ സന്ദീപിനെയും കയറ്റി ഗ്രാമത്തിലേക്ക് യാത്ര തിരിച്ചു. കൃത്യം നടക്കുന്ന സമയത്ത് ഇവര്‍ സഞ്ചരിച്ച ബസില്‍ ഇവരെ കൂടാതെ മറ്റ് രണ്ടുപേര്‍ മാത്രമാണ് ഉണ്ടായത്. ഇതോടെ ചരട് ഉപയോഗിച്ച് യുവാവിന്റെ കഴുത്തില്‍ മുറുക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം ദമ്പതികള്‍ യുവാവിനെ സ്റ്റാന്റിലെ ഭക്ഷണശാലക്ക് മുന്നില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.ഇതാണ് നിര്‍ണ്ണായകമായത്.