ഉന്നത ജാതിക്കാരുടെ പറമ്പിലേക്ക് കുതിരയുമായി കടന്നുവെന്ന പേരില്‍ കൊടൈക്കനാലില്‍ ദളിത് യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി
അക്രമിസംഘത്തിലെ മറ്റുള്ളവരെ ഇതുവരെ പിടികൂടിയിട്ടില്ല
രഘു പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
തമിഴ്‌നാട് കൊടൈക്കനാലില്‍ ദളിത് യുവാവ് കൊല്ലപ്പെട്ടു. പ്രബലജാതിക്കാരുടെ പറമ്പിലേക്ക് കുതിരയുമായി കടന്നതിന് മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. പ്രതികളിലൊരാള്‍ പൊലീസില്‍ കീഴടങ്ങി. സംഭവത്തില്‍ രാഷ്ട്രീയ വിവാദവും കനത്തു. ദിണ്ടിഗല്‍ ജില്ലയിലെ ഉയര്‍ന്ന സഥലങ്ങളിലേക്ക് കുതിരപ്പുറത്ത് പച്ചക്കറി എത്തിക്കുന്ന ദളിത് യുവാക്കളായ രാമര്‍, പ്രശാന്ത് എന്നിവര്‍ക്ക് നേരേയാണ് ആക്രമണം ഉണ്ടായത്. കുതിര തന്റെ പറന്പില്‍ കടക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാരനും പ്രബല ജാതിക്കാരനുമായ രഘു പല തവണ രാമറുമായിവാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം രാത്രി കാറിലെത്തിയ രഘു , രാമറിനെയും പ്രശാന്തിനെയും വീട്ടില്‍നന്ന് വിളിച്ചിറക്കി. കാറില്‍ ഇരുവരും കയറിയതിന് പിന്നാലെ 5 പേര്‍ വാഹനം വളഞ്ഞ് ആക്രമിക്കുകയായിരുന്നു. ഇരുവരെയും ക്രൂരമായി മര്‍ദ്ദിച്ച അക്രമികള്‍ പിന്നീട് കാറില്‍ കയറി രക്ഷപ്പെട്ടു. ബന്ധുക്കള്‍ തിരക്കി എത്തുമ്പോഴേക്കും രാമറിന്റെ ജീവന്‍ നഷ്ടമായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രശാന്ത് ആശുപത്രിയില്‍ ചികിത്സയിലാണ്. രഘു പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
എന്നാല്‍ അക്രമിസംഘത്തിലെ മറ്റുള്ളവരെ ഇതുവരെ പിടികൂടിയിട്ടില്ല. കൊലയ്ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യം മാത്രമെന്നും ജാതിക്കൊലയായി പരിഗണിക്കാനാകില്ലെന്നുമാണ് പൊലീസ് നിലപാട്.