ആന്ധ്രയിൽ കനത്ത നാശം വിതച്ച് അർണാബ് ചുഴലിക്കാറ്റ്; 7 മരണം; ദുരന്തമേഖലകൾ സന്ദർശിച്ച് മുഖ്യമന്ത്രി
ആന്ധ്രാപ്രദേശിൽ കനത്ത നാശനഷ്ടം വിതച്ച് 'അർണവ്' ചുഴലിക്കാറ്റ്. ബുധനാഴ്ച സംസ്ഥാനത്ത് ആഞ്ഞുവീശിയ ചുഴലിക്കാറ്റിലും മഴയിലും ഏഴ് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഏകദേശം 4,600 കോടി രൂപയുടെ പ്രാഥമിക നാശനഷ്ടമാണ് സംസ്ഥാനത്തുടനീളം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദുരന്തബാധിത മേഖലകളിൽ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
അമരാവതി: ആന്ധ്രാപ്രദേശിൽ കനത്ത നാശനഷ്ടം വിതച്ച് 'അർണവ്' ചുഴലിക്കാറ്റ്. ബുധനാഴ്ച സംസ്ഥാനത്ത് ആഞ്ഞുവീശിയ ചുഴലിക്കാറ്റിലും മഴയിലും ഏഴ് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഏകദേശം 4,600 കോടി രൂപയുടെ പ്രാഥമിക നാശനഷ്ടമാണ് സംസ്ഥാനത്തുടനീളം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദുരന്തബാധിത മേഖലകളിൽ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ഡോ. ബി.ആർ. അംബേദ്കർ കോനസീമ ജില്ലയിലെ ദുരന്തമേഖലകളിൽ അദ്ദേഹം വ്യോമനിരീക്ഷണം നടത്തുകയും മുംമിദിവാരത്തിലെ ഗച്ചകായലപോരയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് ഇരകളായവരുമായി സംസാരിക്കുകയും ചെയ്തു. അടിയന്തര സഹായമായി ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് മടങ്ങുന്ന കുടുംബങ്ങൾക്ക് 25 കിലോ അരി, അവശ്യസാധന കിറ്റ്, സാമ്പത്തിക സഹായം എന്നിവ നൽകുമെന്നും കേടുപാടുകൾ സംഭവിച്ച ഓരോ തെങ്ങിനും പനയ്ക്കും (ഓയിൽ പാം) 1,500 രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ 16 ജില്ലകളിൽ വ്യാപക കൃഷിനാശമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ പശ്ചിമ ഗോദാവരി, കാക്കിനട, കിഴക്കൻ ഗോദാവരി, കോനസീമ, കൃഷ്ണ എന്നീ ജില്ലകളിലാണ് കൂടുതൽ നാശനഷ്ടം. ചുഴലിക്കാറ്റ് സാഹചര്യം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ധരിപ്പിച്ചിട്ടുണ്ടെന്നും പ്രാഥമിക റിപ്പോർട്ട് കൈമാറിയതായും മുഖ്യമന്ത്രി അറിയിച്ചു. നാശനഷ്ടങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം വെള്ളിയാഴ്ച സംസ്ഥാനത്തെത്തും.