ബലാൽസംഗക്കേസിൽ പ്രതികളുടെ കൈയും കാലും വെട്ടിമാറ്റുന്ന ഗൾഫിലെ നിയമം ഇവിടെയും വേണം ; കർണാടക ഹൈക്കോടതി

 

 ബെംഗളൂരു: ബലാൽസംഗം പോലുള്ള ഗുരുതര കുറ്റകൃത്യങ്ങൾ തടയാൻ പ്രതികളുടെ കൈയും കാലും വെട്ടിമാറ്റുന്ന തരത്തിലുള്ള കർശന ശിക്ഷകൾ ഇവിടെയും വേണമെന്ന് ജസ്റ്റിസ് ആർ നടരാജ്. 23കാരനായ എഞ്ചിനീയറിങ് വിദ്യാർഥിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ജഡ്ജി കടുത്ത നിരീക്ഷണങ്ങൾ നടത്തിയത്. ബലാൽസംഗം ഉൾപ്പെടെയുള്ള ക്രൂരകുറ്റകൃത്യങ്ങൾ രാജ്യത്ത് വർധിച്ചുവരുന്നതായും കുറ്റവാളികളെ ശക്തമായി നേരിടുന്നതിൽ നിയമവ്യവസ്ഥ പര്യാപ്തമല്ലെന്നുമാണ് കോടതി നിരീക്ഷിച്ചത്. 

'ക്രിമിനൽ നിയമങ്ങൾക്ക് പല്ലുകൾ നഷ്ടപ്പെട്ടതുപോലെയാണ് ഇപ്പോഴത്തെ സ്ഥിതി. കുറ്റവാളികൾക്ക് നിയമഭയം ഇല്ലാതാകുകയാണ്,' എന്നാണ് ജസ്റ്റിസ് ആർ നടരാജ് അഭിപ്രായപ്പെട്ടത്. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ നിയമങ്ങളെ ഉദാഹരിച്ച ജഡ്ജി, കർശനമായ ശിക്ഷകൾ ആളുകളെ കുറ്റകൃത്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാൻ സഹായിക്കുമെന്നാണ് ചൂണ്ടിക്കാട്ടിയത്. നിയമത്തെ ബഹുമാനിക്കാനും കുറ്റകൃത്യം ചെയ്യുന്നതിന് മുൻപ് രണ്ടുതവണ ചിന്തിക്കാനും ഇത്തരം ശിക്ഷകൾ കാരണമാകുമെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.