ബ്രിക്സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങള്‍ക്കായി പൊതുവായ ഒറ്റ കറന്‍സി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവില്‍ യാതൊരു നിര്‍ദ്ദേശവും പരിഗണനയിലില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം 

അംഗരാജ്യങ്ങള്‍ക്കിടയിലുള്ള ഉഭയകക്ഷി വ്യാപാരം സ്വന്തം രാജ്യങ്ങളിലെ കറന്‍സികളില്‍ നടത്താനാണ് നിലവില്‍ ഊന്നല്‍ നല്‍കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

 

ഉഭയകക്ഷി ഇടപാടുകള്‍ക്കായി ഇപ്പോള്‍ ഉപയോഗിക്കുന്ന ഡോളറിന് പകരം മറ്റൊരു കറന്‍സി പരിഗണനയിലുണ്ടെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

ബ്രിക്സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങള്‍ക്കായി പൊതുവായ ഒറ്റ കറന്‍സി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവില്‍ യാതൊരു നിര്‍ദ്ദേശവും പരിഗണനയിലില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ദില്ലിയില്‍ നടന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയോട് അനുബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ വിദേശകാര്യ മന്ത്രാലയത്തിലെ ഇക്കണോമിക് റിലേഷന്‍സ് സെക്രട്ടറി സുധാകര്‍ ദലേലയാണ് ഇക്കാര്യം അറിയിച്ചത്. ഉഭയകക്ഷി ഇടപാടുകള്‍ക്കായി ഇപ്പോള്‍ ഉപയോഗിക്കുന്ന ഡോളറിന് പകരം മറ്റൊരു കറന്‍സി പരിഗണനയിലുണ്ടെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.


എന്നാല്‍ ഇതിന് പകരം അംഗരാജ്യങ്ങള്‍ക്കിടയിലുള്ള ഉഭയകക്ഷി വ്യാപാരം സ്വന്തം രാജ്യങ്ങളിലെ കറന്‍സികളില്‍ നടത്താനാണ് നിലവില്‍ ഊന്നല്‍ നല്‍കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കച്ചവട ഇടപാടുകളിലെ അധിക ചെലവുകള്‍ കുറയ്ക്കാനും അന്താരാഷ്ട്ര പേയ്മെന്റ് സംവിധാനത്തെ കൂടുതല്‍ സുഗമമാക്കാനും പ്രാദേശിക കറന്‍സികളിലെ വ്യാപാരം സഹായിക്കുമെന്ന് സുധാകര്‍ ദലേല ചൂണ്ടിക്കാട്ടി. ഇത് ആഗോള സാമ്പത്തിക വ്യവസ്ഥയ്ക്ക് സഹായകമായ ഒരു പ്രായോഗിക സംവിധാനമായാണ് ഇന്ത്യ കാണുന്നത്. വിവിധ മേഖലകളിലെ സാമ്പത്തിക-സാങ്കേതിക സഹകരണം മെച്ചപ്പെടുത്തുന്നതിനായി നിരവധി ചര്‍ച്ചകള്‍ ഉച്ചകോടിയില്‍ നടന്നതായി അദ്ദേഹം വ്യക്തമാക്കി. വ്യാപാര തടസ്സങ്ങളും ഏകപക്ഷീയമായ താരിഫുകളും കുറയ്ക്കുന്നതിനെക്കുറിച്ചും ധാരണയിലെത്തിയിട്ടുണ്ട്. ബാങ്കിംഗ്-ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങള്‍ പരസ്പരം ബന്ധിപ്പിച്ച് വേഗതയേറിയതും ചെലവുകുറഞ്ഞതുമായ ഇടപാടുകള്‍ സാധ്യമാക്കാനാണ് കൂടുതല്‍ മുന്‍ഗണനയെന്നും മന്ത്രാലയം വ്യക്തമാക്കി.