സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റികളിൽ നിർണായക മാറ്റം; തലപ്പത്തേക്ക് ഇനി രക്ഷിതാക്കൾ

രാജ്യത്തെ സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റികളുടെ പ്രവർത്തനങ്ങളിൽ  കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. സ്കൂൾ സമിതികളുടെ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്ക് രക്ഷിതാക്കളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ നിയമിക്കണമെന്ന് മന്ത്രാലയം ശുപാർശ ചെയ്തു.

സ്കൂൾ ഭരണത്തിൽ കമ്മ്യൂണിറ്റിയുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്കാരം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ബുധനാഴ്ചയാണ് മാർഗരേഖ പുറത്തിറക്കിയത്.

പുതിയ നിർദേശപ്രകാരം സ്കൂൾ പ്രിൻസിപ്പൽ അല്ലെങ്കിൽ ഹെഡ്മാസ്റ്റർ സമിതിയുടെ മെമ്പർ സെക്രട്ടറി ആയിരിക്കും. സമിതിക്ക് കീഴിൽ അക്കാദമിക് കമ്മിറ്റി, സ്കൂൾ ബിൽഡിങ് കമ്മിറ്റി എന്നിങ്ങനെ രണ്ട് ഉപസമിതികളും ഉണ്ടായിരിക്കും.

    അംഗങ്ങളുടെ എണ്ണം: സ്കൂളിലെ കുട്ടികളുടെ എണ്ണത്തിനനുസരിച്ചാണ് അംഗങ്ങളെ നിശ്ചയിക്കുന്നത്. 100 കുട്ടികൾ വരെയാണെങ്കിൽ 12-15 അംഗങ്ങളും, 100 മുതൽ 500 വരെയാണെങ്കിൽ 15-20 അംഗങ്ങളും, 500-ൽ അധികമാണെങ്കിൽ 20-25 അംഗങ്ങളും സമിതിയിലുണ്ടാകും.

    പ്രാതിനിധ്യം: പ്രാദേശിക അതോറിറ്റിയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ, അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, ആശാ വർക്കർമാർ, അംഗനവാടി പ്രവർത്തകർ എന്നിവരും സമിതിയുടെ ഭാഗമാകും.

    അധികാരം: സമഗ്ര ശിക്ഷ, പി.എം പോഷൺ, നിപുൺ ഭാരത് തുടങ്ങിയ പദ്ധതികളുടെ മേൽനോട്ടം ഈ സമിതിക്കായിരിക്കും. കൂടാതെ 30 ലക്ഷം രൂപ വരെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നേരിട്ട് നടത്താനും സമിതിക്ക് അധികാരമുണ്ട്.