മകനൊപ്പം നടക്കാനിറങ്ങിയ വനിതാ ജഡ്ജിയെ ആക്രമിച്ച് കവര്‍ച്ച 
 

 

വടക്കന്‍ ദില്ലിയിലെ ഗുലാബി ബാഗില്‍ മകനൊപ്പം നടക്കാനിറങ്ങിയ വനിതാ ജഡ്ജിയെ ആക്രമിച്ച് കവര്‍ച്ച നടത്തി. മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടുപേരാണ് കവര്‍ച്ച നടത്തിയതെന്നും പണവും അവശ്യരേഖകളും അടങ്ങിയ ബാഗ് ഇവര്‍ തട്ടിയെടുത്തെന്നും ജഡ്ജി നല്‍കിയ പരാതിയില്‍ പറയുന്നു. മാര്‍ച്ച് ഏഴിന് രാത്രിയാണ് സംഭവം. 12 വയസുകാരനായ മകനൊപ്പം വീടിന് സമീപം നടക്കാനിറങ്ങിയ ജഡ്ജിയെ ബൈക്കിലെത്തിയ രണ്ടുപേര്‍ കൊള്ളയടിക്കുകയായിരുന്നു. ജഡ്ജിയുടെ കൈവശമുണ്ടായിരുന്ന ബാഗ് പിടിച്ചുപറിച്ച പ്രതികള്‍, പിടിവലിക്കിടെ ജഡ്ജിയെ തള്ളി വീഴ്ത്തിയ ശേഷമാണ് രക്ഷപ്പെട്ടത്.

ഏകദേശം 8000 രൂപയും എ.ടി.എം കാര്‍ഡുകളും മറ്റുചില രേഖകളും ബാഗിലുണ്ടായിരുന്നു. വനിതാ ജഡ്ജിയുടെ തലയ്ക്ക് പരുക്കേറ്റതായും പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മോഷ്ടാക്കള്‍ സഞ്ചരിച്ച ബൈക്ക് തിരിച്ചറിയുകയും പ്രതികളായ രണ്ടുപേരെ പിടികൂടുകയും ചെയ്തിട്ടുണ്ട്.

മുഹമ്മദ് ദില്‍ഷാദ്, രാഹുല്‍ എന്നിവരാണ് കേസില്‍ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. കവര്‍ച്ചയും പിടിച്ചുപറിയും ഉള്‍പ്പെടെ 10 ക്രിമിനല്‍ കേസുകളില്‍ ദില്‍ഷാദ് ഉള്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഇവരില്‍നിന്ന് ബൈക്കും എ.ടി.എം. കാര്‍ഡും 4500 രൂപയും കണ്ടെടുത്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 394, 34 എന്നിവ പ്രകാരം കേസെടുത്തു