മുംബൈയില്‍ കെട്ടിടത്തിന്റെ 13-ാം നിലയില്‍നിന്ന് ക്രെയിന്‍ തകര്‍ന്നുവീണു; ഒരാള്‍ക്ക് ദാരുണാന്ത്യം, നിരവധി വാഹനങ്ങള്‍ തകര്‍ന്നു

അപകടത്തിന് പിന്നാലെ ഓടിക്കൂടിയ താമസക്കാരാണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തിയത്.

 

വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ മീരാ റോഡ് ഈസ്റ്റിലെ ജെപി നോര്‍ത്ത് റെസിഡന്‍ഷ്യന്‍ കോംപ്ലക്‌സില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്.

മുംബൈയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍നിന്ന് ക്രെയിന്‍ തകര്‍ന്നുവീണ് അപകടം. സംഭവത്തില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ക്രെയിനിന്റെ ഭാഗങ്ങള്‍ പതിച്ചു സമീപത്തുള്ള ഹൗസിങ് കോംപ്ലക്‌സില്‍ പാര്‍ക്ക് ചെയ്തിരുന്ന നിരവധി കാറുകളും ഇരുചക്ര വാഹനങ്ങളും തകര്‍ന്നു.


വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ മീരാ റോഡ് ഈസ്റ്റിലെ ജെപി നോര്‍ത്ത് റെസിഡന്‍ഷ്യന്‍ കോംപ്ലക്‌സില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ 13-ാം നിലയുടെ നിര്‍മ്മാണം നടക്കുന്നതിനിടെ ടവര്‍ ക്രെയിന്‍ തകര്‍ന്ന് താഴെവീഴുകയായിരുന്നു. ക്രെയിനിന്റെ ഒരുഭാഗം നിര്‍മ്മാണ നടക്കുന്ന സ്ഥലത്തും മറ്റ് ഭാ?ഗങ്ങള്‍ സമീപത്തുള്ള ജെകെ ഐറിഷ് സൊസൈറ്റിയുടെ പാര്‍ക്കിങ് ഏരിയയിലുമാണ് പതിച്ചത്. ഇതാണ് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാന്‍ കാരണമായത്.

അപകടത്തിന് പിന്നാലെ ഓടിക്കൂടിയ താമസക്കാരാണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തിയത്. ഇതിന് ശേഷം പൊലീസും ഫയര്‍ ഫോഴ്‌സും മറ്റ് അടിയന്തര വിഭാ?ഗങ്ങളും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇതില്‍ 21കാരനായ മുജ്ജമ്മില്‍ ഖോക്കര്‍ ആണ് മരിച്ചത്. പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍ കഴിയുകയാണ്.