യു പിയിലെ ഗാസിയാബാദിലും ഗൗതംബുദ്ധ് നഗറിലും കോവിഡ് കേസുകൾ വര്‍ധിക്കുന്നു

 

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലും ഗൗതം ബുദ്ധ് നഗറിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. ഈ സാഹചര്യത്തില്‍ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശം നല്‍കി. ദേശീയ തലസ്‌ഥാന മേഖല (എന്‍സിആര്‍) ജില്ലകളിലാണ് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത്.

സംസ്‌ഥാനത്തെ കോവിഡ്- 19 മാനേജ്മെന്റ് യോഗത്തിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയതെന്ന് പ്രസ്‌താവനയില്‍ പറയുന്നു. സമീപദിവസങ്ങളില്‍ സംസ്‌ഥാനത്തിന്റെ സമീപ പ്രദേശങ്ങളില്‍ കോവിഡ് കേസുകളുടെ വര്‍ധനവുണ്ടായിട്ടുണ്ടെന്നും എന്‍സിആര്‍ ജില്ലകളിലും കേസുകള്‍ വര്‍ധിക്കാനുള്ള സാഹചര്യമുണ്ടെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.

എല്ലാ എന്‍സിആര്‍ ജില്ലകളും ജാഗ്രതപുലര്‍ത്തണമെന്നും അദ്ദേഹം ഉദ്യോഗസ്‌ഥരോട് ആവശ്യപ്പെട്ടു. ജനിതക പഠനത്തിനായി കോവിഡ് രോഗികളുടെ സാമ്പിളുകള്‍ അയക്കാനും യോഗി ആദിത്യനാഥ് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം സംസ്‌ഥാനത്ത് ബൂസ്‌റ്റര്‍ ഡോസ് വാക്‌സിനേഷന്‍ വേഗത്തിലാക്കാനും ഉദ്യോഗസ്‌ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സംസ്‌ഥാനത്തെ 700 സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ബൂസ്‌റ്റര്‍ ഡോസ് ലഭ്യമാണ്. ശനിയാഴ്‌ച ഗൗതം ബുദ്ധ് നഗറില്‍ 70 കോവിഡ് കേസുകളും ഗാസിയാബാദില്‍ 11 കേസുകളുമാണ് റിപ്പോര്‍ട് ചെയ്യപ്പെട്ടത്.