ഒരു ദിനം 6000 കൊവിഡ് രോഗികള്‍, നിയന്ത്രണം കടുപ്പിച്ച് ചൈന

 

 



ബെയ്ജിംഗ്: ഒരിടവേളക്ക് ശേഷം കൊവിഡ് ഭീതി ചൈനയില്‍ രൂക്ഷമാകുകയാണ്. ഇതിനൊപ്പം തന്നെ കര്‍ശനമായ കൊവിഡ് നിയന്ത്രണങ്ങളോടുള്ള പ്രതിഷേധങ്ങളിലും പുകയുകയാണ് രാജ്യം. തെക്കന്‍ ചൈനയിലെ ഗുവാങ്‌സുവിലാണ് സ്ഥിതി ഗതികള്‍ ഏറ്റവും രൂക്ഷമായിരിക്കുന്നത്. ഇവിടെ സീറോ കൊവിഡ് നിയന്ത്രണങ്ങള്‍ ഭേദിച്ച് പുറത്തിറങ്ങിയ ജനങ്ങളും പൊലീസും തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടിയതാണ് ഇക്കൂട്ടത്തില്‍ ഏറ്റവും ഒടുവിലായി ഉണ്ടായ സംഭവം.

വീണ്ടും ഒരു വന്‍ കൊവിഡ് വ്യാപനത്തിന്റെ പിടിയിലാണ് ഗുവാങ്‌സു എന്ന വ്യവസായ നഗരം. ഇന്നലെ മാത്രം ഇവിടെ പുതുതായി സ്ഥിരീകരിക്കപ്പെട്ടത് ആറായിരത്തില്‍ അധികം കൊവിഡ് കേസുകളാണ്. ഇതോടെ സ്ഥലത്തെ കൊവിഡ് നിയന്ത്രണം കടുപ്പിക്കുകയായിരുന്നു.

 നഗരത്തിലെ ഹൈഷു പ്രവിശ്യയില്‍ ദിവസങ്ങളായി വീടുകളില്‍ തുടരാന്‍ നിര്‍ബന്ധിതരായ ജനങ്ങളാണ് ഇതോടെ പ്രതിഷേധവുമായി രംഗത്തെത്തിയത്. കൂലിത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ മേഖലയില്‍ പലരും ഉപജീവനം മുട്ടിയ അവസ്ഥയിലാണ് ഇപ്പോള്‍. ഭക്ഷ്യ ക്ഷാമവും സാധനങ്ങളുടെ വിലക്കയറ്റവും ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. അങ്ങനെ ഗതിമുട്ടിയ അവസ്ഥതയിലാണ് ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

കൊവിഡ് നിയന്ത്രണങ്ങളടക്കം ലംഘിച്ച ഇവിടെത്തെ ജനങ്ങള്‍ ഗതാഗതം നിയന്ത്രിക്കാന്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറിച്ചിട്ടും. വലിയ തോതിലുള്ള പ്രതിഷേധ സ്വരമാണ് പ്രവിശ്യയിലെ ജനങ്ങള്‍ ഉയര്‍ത്തിയത്. ഇതോടെ അധികൃതര്‍ പ്രതിഷേധക്കാര്‍ക്കെതിരെ അച്ചടക്കത്തിന്റെ വാളോങ്ങുകയായിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങി പ്രതിഷേധിക്കുന്ന ജനങ്ങളെ ബലം പ്രയോഗിച്ചു തന്നെ നേരിടുകയാണ് ചൈനീസ് പൊലീസ്. 


എന്തായാലും വരും ദിവസങ്ങളിലും കൊവിഡ് നിയന്ത്രണങ്ങളോടുള്ള പ്രതിഷേധം ശക്തമായി തുടരുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ജനക്കൂട്ടത്തെ എങ്ങനെ നേരിടണം എന്ന ആലോചനയിലാണ് ഭരണകൂടം. ഉപജീവനം പ്രധാന പ്രശ്‌നമായി ഉയര്‍ത്തിയുള്ള ജനങ്ങളുടെ പ്രതിഷേധത്തെ ഇനിയും ബലം പ്രയോഗിച്ച് നേരിടുമോ എന്നത് കണ്ടറിയണം.