ദര്‍ഗയില്‍ ശിവക്ഷേത്രമുണ്ടെന്ന് അവകാശപ്പെട്ട ഹര്‍ജിയില്‍ എഎസ്‌ഐക്കും കേന്ദ്രത്തിനും നോട്ടീസ് അയച്ച് കോടതി
ഡല്‍ഹി: രാജസ്ഥാനിലെ അജ്മീറിലെ പ്രശസ്തമായ സൂഫി സന്യാസി മൊയ്നുദ്ദീന്‍ ചിഷ്തിയുടെ ദര്‍ഗയില്‍ ശിവക്ഷേത്രമുണ്ടെന്ന് അവകാശപ്പെട്ട ഹര്‍ജിയില്‍ അജ്മീര്‍ കോടതി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്കും കേന്ദ്രത്തിനും നോട്ടീസ് അയച്ചു.
സ്ഥലത്ത് വീണ്ടും ആരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബറിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. അജ്മീര്‍ ദര്‍ഗ കമ്മിറ്റിക്കും ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിനും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്കും വിഷയത്തില്‍ മറുപടി ആവശ്യപ്പെട്ട് സിവില്‍ ജഡ്ജി മന്‍മോഹന്‍ ചന്ദേല്‍ നോട്ടീസ് അയച്ചതായി ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ യോഗേഷ് സിറോജ പറഞ്ഞു.
പഴയ ക്ഷേത്രം തകര്‍ത്താണ് മസ്ജിദ് നിര്‍മിച്ചതെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. അജ്മീര്‍ ദര്‍ഗയെ സങ്കട് മോചന മഹാദേവ ക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് അജ്മീര്‍ ഷരീഫ് ഉള്‍പ്പെട്ട കേസില്‍ ഹര്‍ജിക്കാരനായ വലതുപക്ഷ സംഘടനയായ ഹിന്ദു സേനയുടെ തലവന്‍ വിഷ്ണു ഗുപ്ത പറഞ്ഞു. ദര്‍ഗയ്ക്ക് ഏതെങ്കിലും തരത്തിലുള്ള രജിസ്‌ട്രേഷന്‍ ഉണ്ടെങ്കില്‍ റദ്ദാക്കണം.
സര്‍വേ എഎസ്‌ഐ വഴി നടത്തുകയും ഹിന്ദുക്കള്‍ക്ക് അവിടെ ആരാധന നടത്താനുള്ള അവകാശം നല്‍കുകയും വേണമെന്നും വിഷ്ണു ഗുപ്ത വാര്‍ത്താ ഏജന്‍സി പിടിഐയോട് പറഞ്ഞു. ദര്‍ഗയ്ക്ക് ചുറ്റും ഹിന്ദു കൊത്തുപണികളും പ്രതിമകളും ശിവക്ഷേത്രത്തിലെ അവശിഷ്ടങ്ങളുമുണ്ടെന്നും ജൈനക്ഷേത്രം നിലനില്‍ക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.