മരുമക്കള്‍ക്കും പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ക്കും കാമറയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഗ്രാമ പഞ്ചായത്ത്

സ്മാര്‍ട്ട് ഫോണുകള്‍ക്ക് പകരം സ്വിച്ച് ഫോണുകള്‍ ഉപയോഗിക്കാന്‍ മാത്രമേ ഇവര്‍ക്ക് അനുവാദമുള്ളൂ.

 

15 ഗ്രാമങ്ങളിലായി ജനുവരി 26 മുതലാണ് ഈ വിലക്ക് ബാധകമാകുക.

രാജസ്ഥാനിലെ ജലോര്‍ ജില്ലയില്‍ മരുമക്കള്‍ക്കും പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ക്കും കാമറയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഗ്രാമ പഞ്ചായത്ത്. 15 ഗ്രാമങ്ങളിലായി ജനുവരി 26 മുതലാണ് ഈ വിലക്ക് ബാധകമാകുക.
അയല്‍വാസികളുടെ വീട്ടിലേക്കോ പൊതുപരിപാടിയിലേക്കോ ഫോണ്‍ കൊണ്ടു പോകുന്നതിനും വിലക്കുണ്ട്. സ്മാര്‍ട്ട് ഫോണുകള്‍ക്ക് പകരം സ്വിച്ച് ഫോണുകള്‍ ഉപയോഗിക്കാന്‍ മാത്രമേ ഇവര്‍ക്ക് അനുവാദമുള്ളൂ. ഗാസിപൂര്‍ ഗ്രാമത്തില്‍ ചൗധരി കമ്മ്യൂണിറ്റി വിഭാഗത്തിന്റെയും 14 ഉപവിഭാഗങ്ങളുടെയും പ്രസിഡന്റായ സുജ്നാറാം ചൗധരിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യോഗത്തിലാണ് ഈ തീരുമാനം.

സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികള്‍ക്ക് പഠനത്തിന് മൊബൈല്‍ ഫോണ്‍ ആവശ്യമുള്ളതിനാല്‍ വീട്ടില്‍ മാത്രമേ അവ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. വിവാഹങ്ങള്‍, സാമൂഹിക പൊതു പരിപാടികള്‍, അയല്‍വാസിയുടെ വീട്ടിലേക്ക് പോലും മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാന്‍ അവര്‍ക്ക് അനുവാദമില്ലെന്ന് ചൗധരി വിശദീകരിച്ചു.
അതേസമയം ഈ തീരുമാനത്തില്‍ വിമര്‍ശനത്തിന്റെ ആവശ്യമില്ലെന്നാണ് സുജ്നാറാം ചൗധരി പറയുന്നത്. വീട്ടിലുള്ള സ്ത്രീകളുടെ ഫോണുകളില്‍ നോക്കുന്നത് കുട്ടികളുടെ കണ്ണുകളെ പ്രശ്നത്തിലാക്കുന്നുണ്ടെന്നും ചിലര്‍ കുട്ടികളുടെ ശ്രദ്ധതിരിക്കുന്നതിനായി ഫോണ്‍ ബോധപൂര്‍വ്വം നല്‍കുന്നുണ്ടെന്നും ചൗധരി പറഞ്ഞു. നിരോധനം നടപ്പായാല്‍ സ്ത്രീകള്‍ക്ക് അവരുടെ കാര്യങ്ങളിലും ദൈംനംദിന പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ ചെലുത്താനാകുമെന്നും ചൗധരി വ്യക്തമാക്കി.