വിയ്യൂരില്‍ നിന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളി ബാലമുരുകന്‍ തമിഴ്‌നാട്ടില്‍ പിടിയില്‍

 

അഞ്ചുകൊലപാതകങ്ങള്‍ അടക്കം 53 കേസുകളില്‍ പ്രതിയാണ് ബാലമുരുകന്‍

 

തെങ്കാശി കോടതിയില്‍ ഹാജരാക്കിയ ബാലമുരുകനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

വിയ്യൂര്‍ ജയിലിന് മുന്‍പില്‍ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകനെ പിടിയിലായി. തെങ്കാശിക്ക് സമീപം ഊത്തുമലൈ എന്ന പ്രദേശത്തുനിന്നാണ് പിടികൂടിയത്. വാഹനപരിശോധനയ്ക്കിടെയാണ് ബാലമുരുകന്‍ പൊലീസിന്റെ പിടിയിലായത്. തെങ്കാശി കോടതിയില്‍ ഹാജരാക്കിയ ബാലമുരുകനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

അഞ്ചുകൊലപാതകങ്ങള്‍ അടക്കം 53 കേസുകളില്‍ പ്രതിയാണ് ബാലമുരുകന്‍. നവംബര്‍ രണ്ടിനാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ കവാടത്തില്‍ വെച്ച് പൊലീസിന്റെ കണ്ണുവെട്ടിച്ച് ബാലമുരുകന്‍ രക്ഷപ്പെട്ടത്. ബന്തക്കുടിയിലെ കേസുമായി ബന്ധപ്പെട്ട് വിയ്യൂര്‍ ജയിലില്‍ നിന്നും തമിഴ്നാട് പൊലീസ് ഇയാളെ കൊണ്ടുപോവുകയായിരുന്നു. തമിഴ്നാട്ടിലെ കേസില്‍ കോടതിയില്‍ ഹാജരാക്കാനായിരുന്നു തമിഴ്നാട് പൊലീസ് എത്തി കൂട്ടിക്കൊണ്ട് പോയത്. തിരികെ വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ബാലമുരുകന്‍ രക്ഷപ്പെട്ടത്. മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് പൊലീസുകാരുടെ സുരക്ഷയില്‍ പുറത്തിറങ്ങിയ ബാലമുരുകന്‍ അവരെ തളളിവീഴ്ത്തി രക്ഷപ്പെടുകയായിരുന്നു.

ബാലമുരുകന് വേണ്ടി കേരള പൊലീസ് വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതിനിടെ ഡിസംബര്‍ അഞ്ചിന് ഭാര്യയേയും മക്കളേയും കാണാന്‍ തമിഴ്നാട്ടിലെ തെങ്കാശി കടയത്തുമലയ്ക്കടുത്തുള്ള വീട്ടിലെത്തുന്നതിനിടെ ബാലമുരുകനെ പൊലീസ് പിന്തുടര്‍ന്നെങ്കിലും പിടികൂടാനായിരുന്നില്ല.