'വീട്ടില്‍ പള്ളിയുണ്ടാക്കി ആളുകളെയെത്തിച്ച് മതപരിവര്‍ത്തനം'; യുപിയില്‍ പാസ്റ്റര്‍ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകള്‍

 

പുറത്തുനിന്നെത്തിയവരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തുവെന്നും പ്രദേശത്ത് സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും എഫ്ഐആറില്‍ വ്യക്തമാക്കുന്നു

 

തിരുവനന്തപുരം സ്വദേശിയായ പാസ്റ്റര്‍ ആല്‍ബിന്‍ കാണ്‍പൂരിലെ വീട്ടില്‍ പള്ളിയുണ്ടാക്കി അവിടേക്ക് ആളുകളെ വിളിച്ച് വരുത്തി മതപരിവര്‍ത്തനം നടത്തുകയായിരുന്നുവെന്ന് എഫ്ഐആറില്‍ പറയുന്നു.

ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച് ജയിലിലടച്ച മലയാളി പാസ്റ്റര്‍ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകള്‍.തിരുവനന്തപുരം സ്വദേശിയായ പാസ്റ്റര്‍ ആല്‍ബിന്‍ കാണ്‍പൂരിലെ വീട്ടില്‍ പള്ളിയുണ്ടാക്കി അവിടേക്ക് ആളുകളെ വിളിച്ച് വരുത്തി മതപരിവര്‍ത്തനം നടത്തുകയായിരുന്നുവെന്ന് എഫ്ഐആറില്‍ പറയുന്നു.

ഇതില്‍ പ്രതിഷേധിച്ച് പുറത്തുനിന്നെത്തിയവരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തുവെന്നും പ്രദേശത്ത് സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും എഫ്ഐആറില്‍ വ്യക്തമാക്കുന്നു. ആല്‍ബിന്‍ നിലവില്‍ കാണ്‍പൂര്‍ ദേഹാത്ത് ജയിലിലാണുള്ളത്.

പൊലീസ് ആല്‍ബിനെ കോടതിയില്‍ ഹാജരാക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം ആക്ഷേപം ഉയര്‍ന്നിരുന്നു. നേരത്തെ അറസ്റ്റ് ചെയ്ത് വിട്ടയച്ചതിനുശേഷം വീണ്ടും മതപരിവര്‍ത്തനം നടത്തിയെന്നായിരുന്നു പൊലീസിന്റെ ആരോപണം. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ കഴിഞ്ഞ 13ന് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. ആല്‍ബിന്റെ ഭാര്യയെ കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ചിരുന്നു.

മതപരിവര്‍ത്തനം ചൂണ്ടിക്കാട്ടി കന്യാസ്ത്രീകളെയും പാസ്റ്റര്‍മാരെയും തടയുന്ന സംഭവങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചുവരികയാണ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 25-ന് ഛത്തീസ്ഗഡില്‍ മലയാളികളായ കന്യാസ്ത്രീകളെ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്തത് വലിയ വിവാദമായിരുന്നു. ബംജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ പരാതിയിലായിരുന്നു പ്രീതി മേരിയേയും വന്ദന ഫ്രാന്‍സിസിനേയും റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. ആദിവാസി വിഭാഗത്തില്‍പ്പെട്ട യുവതികളെ കടത്തിക്കൊണ്ടുപോകാനും നിര്‍ബന്ധിതമായി മതപരിവര്‍ത്തനം നടത്താനും ശ്രമിച്ചു എന്നായിരുന്നു ആരോപണം.