ഗാന്ധി കുടുംബത്തിനെതിരെയുള്ള വിവാദ പോസ്റ്റ്; ബിജെപി എംപി കങ്കണ റണാവത്തിനെതിരെ ഹിമാചൽ പ്രദേശ് പൊലീസിന്റെ എഫ്ഐആർ
ഗാന്ധി കുടുംബത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെതിരെ ഹിമാചൽ പ്രദേശ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഷിംല സ്വദേശിയായ ക്യാപ്റ്റൻ അതുൽ ശർമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഭാരതീയ ന്യായ സംഹിതയിലെ (BNS) 196, 353, 356 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഷിംല: ഗാന്ധി കുടുംബത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെതിരെ ഹിമാചൽ പ്രദേശ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഷിംല സ്വദേശിയായ ക്യാപ്റ്റൻ അതുൽ ശർമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഭാരതീയ ന്യായ സംഹിതയിലെ (BNS) 196, 353, 356 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
നവംബർ 10ന് കങ്കണ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റാണ് വിവാദത്തിന് കാരണം. മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി എന്നിവരുടെ മരണങ്ങളെക്കുറിച്ച് പ്രകോപനപരമായ പരാമർശങ്ങൾ പോസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പരാതിക്കാരന്റെ ആരോപണം. എംപിയുടെ ഇത്തരം പോസ്റ്റുകൾ സമൂഹത്തിൽ വിദ്വേഷം വളർത്താനും സമാധാന അന്തരീക്ഷം തകർക്കാനും ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി ഡിജിപിക്ക് ഇമെയിൽ മുഖേനയാണ് അതുൽ ശർമ പരാതി നൽകിയത്."ഇന്ദിരാഗാന്ധി കൊല്ലപ്പെടുന്നു, സഞ്ജയ് ഗാന്ധിയും രാജീവ് ഗാന്ധിയും കൊല്ലപ്പെടുന്നു... സിംഹാസനത്തിലെ എല്ലാ അവകാശികളും കൊല്ലപ്പെടുന്നു. ഒടുവിൽ സിംഹാസനത്തിൽ തുടരുന്നത് സഹതാപ തരംഗത്തിലൂടെ എത്തിയ സോണിയ ഗാന്ധിയെന്ന ഒരൊറ്റ വിദേശ വനിത മാത്രം" എന്ന രീതിയിലായിരുന്നു കങ്കണയുടെ വിവാദ പോസ്റ്റ്.