ഓസ്‌ട്രേലിയയിലെ പരിപാടിയില്‍ പണം കൊടുത്ത് ആളെ കൂട്ടിയെന്ന കോണ്‍ഗ്രസ് പരിഹാസം വിവാദത്തില്‍ ; വ്യാജ ആരോപണം പിന്‍വലിച്ച് മാപ്പു പറയണമെന്ന് സംഘാടകര്‍

സിഡ്‌നിയില്‍ നിന്ന് മെല്‍ബണിലേക്ക് 'മോദി എയര്‍വേസ്' എന്ന പേരില്‍ ചാര്‍ട്ടര്‍ വിമാനം ഒരുക്കിയ പ്രവാസി കൂട്ടായ്മയാണ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തുവന്നത്.

 

ജൂലൈ ഒന്‍പതിന് മെല്‍ബണിലെ മാര്‍വല്‍ സ്റ്റേഡിയത്തില്‍ മുപ്പതിനായിരത്തോളം പേര്‍ പങ്കെടുത്ത വന്‍ ജനസംഗമത്തെ 'നിര്‍മ്മിത ജനപ്രീതി' എന്ന് വിളിച്ച് പവന്‍ ഖേര ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പരിഹസിച്ചിരുന്നു

മെല്‍ബണില്‍ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വീകരണ പരിപാടിയില്‍ പങ്കെടുത്തവര്‍ പണം വാങ്ങി എത്തിയവരാണെന്ന കോണ്‍ഗ്രസ് ആരോപണത്തിനെതിരെ ഓസ്ട്രേലിയയിലെ ഇന്ത്യന്‍ പ്രവാസി സമൂഹം കടുത്ത പ്രതിഷേധത്തില്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും അയച്ച തുറന്ന കത്തിലൂടെ, ഉന്നയിച്ച വ്യാജ ആരോപണങ്ങള്‍ പരസ്യമായി പിന്‍വലിച്ച് മാപ്പ് പറയണമെന്ന് 'മെല്‍ബണ്‍ മീറ്റ്‌സ് മോദി' സംഘാടകര്‍ ആവശ്യപ്പെട്ടു. സിഡ്‌നിയില്‍ നിന്ന് മെല്‍ബണിലേക്ക് 'മോദി എയര്‍വേസ്' എന്ന പേരില്‍ ചാര്‍ട്ടര്‍ വിമാനം ഒരുക്കിയ പ്രവാസി കൂട്ടായ്മയാണ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തുവന്നത്.

ജൂലൈ ഒന്‍പതിന് മെല്‍ബണിലെ മാര്‍വല്‍ സ്റ്റേഡിയത്തില്‍ മുപ്പതിനായിരത്തോളം പേര്‍ പങ്കെടുത്ത വന്‍ ജനസംഗമത്തെ 'നിര്‍മ്മിത ജനപ്രീതി' എന്ന് വിളിച്ച് പവന്‍ ഖേര ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പരിഹസിച്ചിരുന്നു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് പണം നല്‍കിയതായും വിമാനയാത്രാ സൗകര്യം ബിജെപിയോ സര്‍ക്കാരോ സ്‌പോണ്‍സര്‍ ചെയ്തതാണെന്നുമുള്ള വിദേശ മാധ്യമ റിപ്പോര്‍ട്ടുകള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കുവെച്ചിരുന്നു.

എന്നാല്‍ ഈ ആരോപണങ്ങള്‍ പൂര്‍ണ്ണമായും വ്യാജവും പതിനായിരക്കണക്കിന് ഇന്ത്യന്‍-ഓസ്ട്രേലിയന്‍ പൗരന്മാരുടെ അന്തസിനെ ചോദ്യം ചെയ്യുന്നതുമാണെന്ന് സംഘാടകര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളില്‍ നിന്ന് സ്വന്തം കൈയില്‍ നിന്ന് പണം മുടക്കിയും പ്രവാസി കൂട്ടായ്മകളുടെ സഹകരണത്തോടെയുമാണ് ജനങ്ങള്‍ മെല്‍ബണില്‍ എത്തിയതെന്നും ഇതിന് ബിജെപിയുമായോ ഇന്ത്യന്‍ സര്‍ക്കാരുമായോ യാതൊരു സാമ്പത്തിക ബന്ധവുമില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ഓസ്ട്രേലിയയിലെ ഇന്ത്യന്‍ പ്രവാസി സമൂഹം രാഷ്ട്രീയമായി വൈവിധ്യമുള്ളവരാണെന്നും അതില്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും മറ്റ് കക്ഷികളെയും പിന്തുണയ്ക്കുന്നവരുണ്ടെന്നും കത്തില്‍ പറയുന്നു. മാസങ്ങളുടെ കഠിനാധ്വാനത്തിലൂടെയും വ്യക്തിപരമായ സാമ്പത്തിക റിസ്‌ക് എടുത്തുമാണ് ചാര്‍ട്ടര്‍ വിമാന സര്‍വീസ് അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിയത്. രാഷ്ട്രീയമായ എതിര്‍പ്പുകള്‍ പ്രകടിപ്പിക്കാന്‍ പ്രവാസികളെ ബലിയാടാക്കരുതെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ചാര്‍ട്ടര്‍ വിമാനത്തിന് ബിജെപി പണം നല്‍കിയിട്ടില്ലെന്ന് പരസ്യമായി സമ്മതിക്കുക, പെയ്ഡ് ക്രൗഡ് പരാമര്‍ശം പിന്‍വലിക്കുക, പ്രവാസി സമൂഹത്തോട് മാപ്പ് പറയുക എന്നീ മൂന്ന് ആവശ്യങ്ങളാണ് സംഘാടകര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ വെച്ചിരിക്കുന്നത്. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്ത ചടങ്ങിനെയാണ് കോണ്‍ഗ്രസ് രാഷ്ട്രീയ ലാഭത്തിനായി അധിക്ഷേപിച്ചതെന്ന് പ്രവാസി നേതാക്കള്‍ കുറ്റപ്പെടുത്തി.