കോൺഗ്രസിന് വൻ തിരിച്ചടി; ബിഹാറിൽ  6 എംഎൽഎമാരും എൻഡിഎയിലേക്ക് ? ചർച്ച നടത്തിയതായി വിവരം 

ആകെ ഉണ്ടായിരുന്ന ആറ് എംഎൽഎമാരും കോൺഗ്രസ് വിട്ട് എൻഡിഎയുടെ  ഭാഗമാകാൻ സാധ്യതയെന്ന് റിപ്പോർട്ട്

 

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ചർച്ചനടത്തിയതായാണ്  റിപ്പോർട്ടുകൾ

ന്യൂഡൽഹി: ബിഹാറിൽ ആകെ ഉണ്ടായിരുന്ന ആറ് എംഎൽഎമാരും കോൺഗ്രസ് വിട്ട് എൻഡിഎയുടെ  ഭാഗമാകാൻ സാധ്യതയെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച് ചർച്ച നടത്തിയതായാണ് വിവരം. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ചർച്ചനടത്തിയതായാണ്  റിപ്പോർട്ടുകൾ. ആറ് എംഎൽഎമാർ എൻഡിഎപക്ഷത്തേക്കെത്തിയാൽ ബിഹാർ നിയമസഭയിൽ കോൺഗ്രസ് പ്രാതിനിധ്യം പൂജ്യമാകും.

 2025-ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ 243-ൽ 202 സീറ്റുകൾ എൻഡിഎ നേടിയിരുന്നു. ബിജെപി 89, ജെഡിയു 85 സീറ്റുകളായിരുന്നു നേടിയത്. മഹാസഖ്യമാകട്ടെ 35 സീറ്റുകളിൽ ഒതുങ്ങി. ഇതിൽ ആർജെഡി 25 സീറ്റുകൾ നേടി. 61 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് ആറ് സീറ്റുകളിൽ മാത്രമാണ് ജയിച്ചത്. അതേസമയം, എംഎൽഎമാരെ എൻഡിഎ പാളയത്തിൽ എത്തിച്ച് സഖ്യത്തിൽ  ആധിപത്യം സ്ഥാപിക്കാനാണ് ജെഡിയു നീക്കമെന്നാണ് സൂചന.

എന്നാൽ ഇപ്പോഴത്തെ അഭ്യൂഹങ്ങൾ രാഷ്ട്രീയ പ്രേരിതമെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. ഞങ്ങളുടെ എംഎൽഎമാർ  എവിടേക്കും പോകില്ലെന്ന് ഉറപ്പുണ്ടെന്നും അവർ അവരുടെ മണ്ഡലങ്ങളിൽ തിരക്കായതിനാലാണ് പരിപാടികളിൽ പങ്കെടുക്കാത്തതെന്നും കോൺഗ്രസ് നേതാവ് ഷക്കീൽ അഹമ്മദ് ഖാൻ പറഞ്ഞു.