ബാലറ്റ് പേപ്പറിലും കോണ്‍ഗ്രസിന് ജയിക്കാനാവില്ലെന്ന് ആസാം മുഖ്യമന്ത്രി; മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം
ബാലറ്റ് പേപ്പറിലും കോണ്‍ഗ്രസിന് ജയിക്കാനാവില്ലെന്ന് ആസാം മുഖ്യമന്ത്രി; മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം
രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ 'വോട്ട് ചോരി' (വോട്ടുമോഷണം )കാംപയിന്‍ നടത്തുന്നതിനിടയിലാണ് ബാലറ്റ് പേപ്പര്‍ വഴിയുള്ള ഈ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിരിക്കുന്നത്
കോണ്‍ഗ്രസിന് വെറും രണ്ട് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. സ്വതന്ത്രര്‍ ആറ് സീറ്റുകളിലും വിജയിച്ചു.
ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് വിജയം നേടാനായില്ലെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ആസാമിലെ സില്‍ചാര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ വന്‍ വിജയം നേടിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 42 വാര്‍ഡുകളുള്ള സില്‍ചാറില്‍ ബിജെപി സഖ്യം 34 സീറ്റുകള്‍ നേടി ഭരണം പിടിച്ചെടുത്തു. ഇതില്‍ 32 സീറ്റുകളും ബിജെപിയാണ് നേടിയത്. സഖ്യകക്ഷിയായ അസം ഗണ പരിഷത്ത് (എജിപി) രണ്ട് സീറ്റുകള്‍ നേടി. കോണ്‍ഗ്രസിന് വെറും രണ്ട് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. സ്വതന്ത്രര്‍ ആറ് സീറ്റുകളിലും വിജയിച്ചു.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ തകരാറുകള്‍ ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ 'വോട്ട് ചോരി' (വോട്ടുമോഷണം )കാംപയിന്‍ നടത്തുന്നതിനിടയിലാണ് ബാലറ്റ് പേപ്പര്‍ വഴിയുള്ള ഈ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിരിക്കുന്നത്. ബാലറ്റ് പേപ്പര്‍ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടുവെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പരിഹസിച്ചു.
ഹിമന്ത ബിശ്വ ശര്‍മ്മയുടെ പ്രതികരണം- 'നോക്കൂ, ബാലറ്റ് പേപ്പറില്‍ പോലും കോണ്‍ഗ്രസ് തോല്‍ക്കുന്നു. വാസ്തവത്തില്‍, ബാലറ്റ് പേപ്പറിലാണ് കോണ്‍ഗ്രസ് കൂടുതല്‍ പരാജയപ്പെടുന്നത്. അതുകൊണ്ടാണ് ഇവിഎമ്മില്‍ വോട്ട് ചെയ്യുമ്പോള്‍ ചിലപ്പോള്‍ ആളുകള്‍ മാറി കുത്തുകയോ യന്ത്രം കണ്ട് പരിഭ്രാന്തരാവുകയോ ചെയ്യുന്നു എന്ന് അവര്‍ പറയുന്നത്. എന്നാല്‍ ബാലറ്റ് പേപ്പറില്‍ വോട്ട് ചെയ്ത് ആളുകള്‍ക്ക് നല്ല പരിശീലനമുണ്ട്. അതുകൊണ്ടാണ് ബാലറ്റ് പേപ്പര്‍ വഴി തിരഞ്ഞെടുപ്പ് നടക്കുമ്പോഴൊക്കെ കോണ്‍ഗ്രസ് കൂടുതല്‍ ദയനീയമായി തോല്‍ക്കുന്നത്,' ശര്‍മ്മ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള വികസന നയങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസമാണ് ഈ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.