കോൺഗ്രസ് അധിക്ഷേപ രാഷ്ട്രീയം കളിക്കുന്നു : അമിത് ഷാ 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിനെ പരാമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഷ്ട്രീയ മര്യാദകളുടെ അതിരുകൾ ലംഘിക്കുന്നതാണ് ഖാർഗെയുടെ പരാമർശമെന്നും നിരാശയും

 

 ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിനെ പരാമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഷ്ട്രീയ മര്യാദകളുടെ അതിരുകൾ ലംഘിക്കുന്നതാണ് ഖാർഗെയുടെ പരാമർശമെന്നും നിരാശയും അസ്വസ്ഥതയും മൂലമാണ് കോൺഗ്രസ് അധിക്ഷേപ രാഷ്ട്രീയം കളിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു. മോദിക്കും കുടുംബത്തിനുമെതിരെ കോൺഗ്രസ് നിരന്തരം അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മോദിയുടെ അമ്മയെക്കുറിച്ച് മുമ്പും കോൺഗ്രസ് നേതാക്കൾ മോശം പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രിയെ 'മരണത്തിന്റെ കച്ചവടക്കാരൻ' എന്ന് വിളിക്കുകയും സാധാരണ ജീവിതപശ്ചാത്തലത്തെ പരിഹസിച്ച് 'ചായക്കച്ചവടക്കാരൻ' എന്ന് വിശേഷിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും അമിത് ഷാ ആരോപിച്ചു.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് രാഷ്ട്രീയ മര്യാദകളുടെ അതിരുകൾ തുടർച്ചയായി ലംഘിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ 12 വർഷത്തിനിടെ തുടർച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങൾ കോൺഗ്രസിനെ നിരാശയിലേക്കും അസ്വസ്ഥതയിലേക്കും തള്ളിയിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായി അധിക്ഷേപ രാഷ്ട്രീയമാണ് പാർട്ടി പിന്തുടരുന്നതെന്നും ഷാ ആരോപിച്ചു. മോദിക്കും കുടുംബത്തിനുമെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയപ്പോഴെല്ലാം ജനങ്ങൾ കോൺഗ്രസിന് ഉചിതമായ മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വാദിച്ചു.

അതേസമയം, വിവാദ പരാമർശത്തിൽ പ്രതികരിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ഉൾപ്പെടെയുള്ള നേതാക്കളും രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ എതിർപ്പുകൾ പ്രകടിപ്പിക്കുമ്പോഴും മാന്യത പാലിക്കണമെന്നും അന്തരിച്ച കുടുംബാംഗങ്ങളെ രാഷ്ട്രീയ പ്രസംഗങ്ങളിലേക്ക് വലിച്ചിഴക്കുന്നത് അംഗീകരിക്കാനാകില്ലെന്നുമാണ് ബി.ജെ.പി നേതാക്കളുടെ നിലപാട്. പരാമർശത്തിൽ ഖാർഗെയും കോൺഗ്രസും മാപ്പുപറയണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.

അതേസമയം, പരിപാടിക്കിടെ ഖാർഗെയുടെ പരേതനായ പിതാവിനെ ആദ്യം അപമാനിച്ചത് ബി.ജെ.പി പ്രവർത്തകനാണെന്നും അതിന് മറുപടിയായാണ് ഖാർഗെ സംസാരിച്ചതെന്നും കോൺഗ്രസ് വ്യക്തമാക്കി. മോദിയുടെ ആർ.എസ്.എസിനെയാണ് പിതാവായി ഖാർഗെ ഉദ്ധരിച്ചതെന്ന് കോൺഗ്രസ് വിശദീകരിച്ചതായി റിപ്പോർട്ടുകളുണ്ട്.

ബിഹാറിലെ പട്നയിൽ നടന്ന പരിപാടിക്കിടെ സംസാരിക്കവെയായിരുന്നു വിവാദ പരാമർശം. എസ്.ഐ.ആർ നടപടികളിൽ ക്രമക്കേട് നടത്തിയവരെ ജയിലിലടക്കുമെന്ന് ഖാർഗെ പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. ഇതിനിടെ സദസ്സിലുണ്ടായിരുന്ന ഒരാൾ, കലാപമുണ്ടാകാത്തിടത്തോളം മോദി അധികാരത്തിൽനിന്ന് എവിടെയും പോകില്ലെന്ന് വിളിച്ചു പറഞ്ഞു. ഇതിന് മറുപടിയായാണ് “മോദിയുടെ അച്ഛനും പോകും” എന്ന തരത്തിലുള്ള പരാമർശം ഖാർഗെ നടത്തിയത്.