വിവാഹവാഗ്ദാനം നല്‍കി 9.35 കോടി രൂപ തട്ടിയെടുത്തെന്ന പരാതി ; നടിയ്ക്കും കുടുംബത്തിനുമെതിരെ കേസെടുത്തു
വിവാഹവാഗ്ദാനം നല്‍കി 9.35 കോടി രൂപ തട്ടിയെടുത്തെന്ന പരാതി ; നടിയ്ക്കും കുടുംബത്തിനുമെതിരെ കേസെടുത്തു
യുകെയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ യെനുമല സത്യനാരായണ മൂര്‍ത്തിയുടെ പരാതിയിലാണ് നടപടി.
തന്റെ മകന്‍ ധര്‍മ്മേന്ദ്രയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് നടി വന്‍ തുക കൈക്കലാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്.
വിവാഹവാഗ്ദാനം നല്‍കി 9.35 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ നടി അഷു റെഡ്ഡി എന്നറിയപ്പെടുന്ന വെങ്കട അശ്വിനി റെഡ്ഡിക്കും കുടുംബത്തിനുമെതിരെ കേസ്. ഹൈദരാബാദ് സെന്‍ട്രല്‍ ക്രൈം സ്റ്റേഷനിലാണ് കേസെടുത്തത്. യുകെയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ യെനുമല സത്യനാരായണ മൂര്‍ത്തിയുടെ പരാതിയിലാണ് നടപടി. തന്റെ മകന്‍ ധര്‍മ്മേന്ദ്രയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് നടി വന്‍ തുക കൈക്കലാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്.
2018-ല്‍ ഒരു പൊതു സുഹൃത്ത് വഴിയാണ് ധര്‍മ്മേന്ദ്ര അശ്വിനി റെഡ്ഡിയെ പരിചയപ്പെടുന്നത്. അക്കാലത്ത് ധര്‍മ്മേന്ദ്ര വിവാഹമോചന നടപടികളിലായിരുന്നു. ധര്‍മ്മേന്ദ്രയുമായി വിവാഹത്തിന് തയ്യാറാണെന്ന് നടി ഉറപ്പു നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് തന്റെ സിനിമ കരിയര്‍, വ്യക്തിപരമായ ചെലവുകള്‍, വായ്പ എന്നിവയുടെ പേരില്‍ നടി പണം ആവശ്യപ്പെട്ടു. ഇതിനുപുറമെ കാര്‍, സ്വര്‍ണം, മറ്റ് ആസ്തികള്‍ എന്നിവയും ധര്‍മ്മേന്ദ്രയില്‍ നിന്ന് നടി വാങ്ങിയതായി പരാതിയില്‍ വ്യക്തമാക്കുന്നു.
2020 ജൂലൈയില്‍ ഔദ്യോഗികമായി വിവാഹം കഴിക്കാന്‍ ധര്‍മ്മേന്ദ്ര ആവശ്യപ്പെട്ടെങ്കിലും നടി അതിന് വിസമ്മതിച്ചു. തുടര്‍ന്ന് നടി ഹേമയുടെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടക്കുകയും 70 ലക്ഷം രൂപ തിരികെ നല്‍കാമെന്ന് അശ്വിനി സമ്മതിക്കുകയും ചെയ്തു. ഇതിനായി നല്‍കിയ ബ്ലാങ്ക് ചെക്കുകള്‍ പിന്നീട് തിരികെ വാങ്ങി നശിപ്പിച്ചു കളഞ്ഞതായും പരാതിയില്‍ പറയുന്നു. പിന്നീട് വീട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് നടി നവംബറില്‍ വീണ്ടും ധര്‍മ്മേന്ദ്രയുമായി ബന്ധം പുനഃസ്ഥാപിക്കുകയും വിവാഹം ഉറപ്പു നല്‍കുകയും ചെയ്‌തെന്ന് പരാതിയിലുണ്ട്.
2020 മുതല്‍ 2025 വരെയുള്ള കാലയളവില്‍ വീണ്ടും വലിയ തോതില്‍ പണമിടപാടുകള്‍ നടന്നു. ഫ്‌ലാറ്റ് വാങ്ങുന്നതിനായി 1.8 കോടി രൂപ അഡ്വാന്‍സും ഏകദേശം 5 കിലോ സ്വര്‍ണവും നടി കൈക്കലാക്കിയെന്നാണ് പരാതി. നടിയുടെ സഹോദരി വെങ്കട ദിവ്യ റെഡ്ഡിക്കും 50 ലക്ഷം രൂപ നല്‍കിയതായി പരാതിയിലുണ്ട്. എന്നാല്‍ 2025 ജൂലൈയില്‍ വിവാഹത്തില്‍ നിന്ന് നടി വീണ്ടും പിന്മാറി. പണം തിരികെ നല്‍കാന്‍ വിസമ്മതിക്കുകയും വ്യാജ കേസുകള്‍ നല്‍കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് പൊലീസിനെ സമീപിച്ചതെന്ന് കുടുംബം പറയുന്നു.
അശ്വിനി റെഡ്ഡി, പിതാവ് വെങ്കട കൃഷ്ണ കൊയ്യ, സഹോദരി ദിവ്യ റെഡ്ഡി, അമ്മ യശോദ റെഡ്ഡി എന്നിവരെ പ്രതി ചേര്‍ത്താണ് കേസ്. പ്രതികളും പരാതിക്കാരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ തെളിവായി ശേഖരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.