സമൂഹമാധ്യമ വീഡിയോയില്‍ ഇസ്ലാമിക വാക്കുകള്‍ ഉപയോഗിച്ചെന്ന് പരാതി; ബംഗാളില്‍ ഐപിഎസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി

സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ നിഷ്പക്ഷത പാലിക്കുകയും പൊതു ആശയവിനിമയത്തില്‍ ദേശീയ പദപ്രയോഗങ്ങള്‍ ഉപയോഗിക്കുകയും വേണം

 
'''അവര്‍ അസ്സലാമു അലൈക്കും എന്ന പദം ഉപയോഗിച്ചു, ഇന്‍ഷാ അള്ളാ എന്ന പദം ഉപയോഗിച്ചു, ജസക്കല്ല എന്ന പദം ഉപയോഗിച്ചു. വന്ദേമാതരം അല്ലെങ്കില്‍ ജയ് ഹിന്ദ് എന്ന പദം ഉപയോഗിച്ചില്ല.''

പശ്ചിമ ബംഗാളില്‍ സിവില്‍ സര്‍വീസിന് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോയില്‍ ഇസ്ലാമിക വാക്യങ്ങള്‍ ഉപയോഗിച്ചെന്ന പരാതിയില്‍ ഐപിഎസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി. ഖരഗ്പൂരിലെ അഡീഷണല്‍ പോലീസ് സൂപ്രണ്ട് സ്ഥാനത്ത് നിന്ന് ഐപിഎസ് ഓഫീസര്‍ ബുഷ്ര ബാനോയെ ആണ് സ്ഥലം മാറ്റിയത്.


യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്സി) നടത്തുന്ന പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിനിടെ അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെ റെസിഡന്‍ഷ്യല്‍ കോച്ചിംഗ് അക്കാദമിയില്‍ നിന്ന് ലഭിച്ച സഹായത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ ബാനോ ഞായറാഴ്ച എക്‌സില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അസാധാരണ നടപടിയുണ്ടായത്. ഹിന്ദു നെറ്റ്വര്‍ക്ക് ഫൗണ്ടേഷന്റെ പരാതിയിലാണ് നടപടി. ബാനോയുടെ വീഡിയോയ്ക്കെതിരെ ബംഗാള്‍ ആഭ്യന്തര സെക്രട്ടറിക്കാണ് സംഘടന പരാതി നല്‍കിയത്. അവര്‍ വന്ദേമാതരം അല്ലെങ്കില്‍ ജയ് ഹിന്ദ് പോലുള്ള പദപ്രയോഗങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നും പകരം അസ്സലാമു അലൈക്കും എന്ന് പഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിച്ചതെന്നുമാണ് ആരോപണം.
'അവര്‍ അസ്സലാമു അലൈക്കും എന്ന പദം ഉപയോഗിച്ചു, ഇന്‍ഷാ അള്ളാ എന്ന പദം ഉപയോഗിച്ചു, ജസക്കല്ല എന്ന പദം ഉപയോഗിച്ചു. വന്ദേമാതരം അല്ലെങ്കില്‍ ജയ് ഹിന്ദ് എന്ന പദം ഉപയോഗിച്ചില്ല. ഇന്ത്യന്‍ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ നിഷ്പക്ഷത പാലിക്കുകയും പൊതു ആശയവിനിമയത്തില്‍ ദേശീയ പദപ്രയോഗങ്ങള്‍ ഉപയോഗിക്കുകയും വേണം. ഉചിതമായ അവലോകനവും നടപടിയും തേടുന്നു,' ഹിന്ദു നെറ്റ്വര്‍ക്ക് ഫൗണ്ടേഷന്റെ ഒരു എക്സ് പോസ്റ്റില്‍ പറഞ്ഞു.

ഐപിഎസ് ഉദ്യോഗസ്ഥ സ്ഥാനത്തേയ്ക്ക് എത്തിയ കാര്യങ്ങള്‍ പങ്കുവെച്ചാണ് ബുഷ്ര ബാനോ എക്സില്‍ വീഡിയോ പങ്കുവെച്ചത്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ പങ്കെടുക്കാന്‍ അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെ റെസിഡന്‍ഷ്യല്‍ കോച്ചിംഗ് അക്കാദമിയില്‍ നിന്ന് ലഭിച്ച പിന്തുണയാണ് വീഡിയോയിലൂടെ പറയുന്നത്. പുസ്തകങ്ങള്‍, ലൈബ്രറി മെറ്റീരിയലുകള്‍, മോക്ക് ടെസ്റ്റുകള്‍ തന്റെ തയ്യാറെടുപ്പിന് വളരെയധികം സഹായകരമായിരുന്നുവെന്നും മറ്റ് വിദ്യാര്‍ത്ഥികള്‍ അത് ഉപയോഗപ്പെടുത്തണമെന്നും വീഡിയോയിലൂടെ പറയുന്നുണ്ട്. തന്നെ പോലെ കൂടുതല്‍ ആളുകള്‍ക്ക് മുന്നോട്ട് വരണമെന്നും അവര്‍ പറഞ്ഞു.