വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരിക്കേറ്റ കോളേജ് വിദ്യാര്‍ത്ഥി മരിച്ചു; അപകടം വിജയ്‌യുടെ വാഹനത്തെ പിന്തുടരുന്നതിനിടെ

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം.

 

മാര്‍ച്ച് നാലിന് വിജയ് യുടെ വാഹനത്തെ ബൈക്കില്‍ പിന്തുടരുന്നതിനിടെ വീണ് തലയ്ക്ക് പരിക്കേറ്റിരുന്നു

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരിക്കേറ്റ കോളേജ് വിദ്യാര്‍ത്ഥി മരിച്ചു. പി വിഘ്നേഷ് (19) ആണ് മരിച്ചത്. മാര്‍ച്ച് നാലിന് വിജയ് യുടെ വാഹനത്തെ ബൈക്കില്‍ പിന്തുടരുന്നതിനിടെ വീണ് തലയ്ക്ക് പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം. വിജയ് വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ നിരവധി ആരാധകരും പ്രവര്‍ത്തകരും ഇരുചക്ര വാഹനങ്ങളില്‍ അദ്ദേഹത്തെ പിന്തുടര്‍ന്നിരുന്നു. അന്ന് അഞ്ചിലേറെ പേര്‍ക്ക് അപകടം സംഭവിച്ച് പരിക്കേറ്റിരുന്നു. അവരില്‍ ഒരാളാണ് വിഘ്‌നേഷ്.

വിഘ്‌നേഷിനെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ തിരുച്ചിറപ്പള്ളിയിലെ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ കുറേ ദിവസങ്ങളായി ചികിത്സയില്‍ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഡിഗ്രി വിദ്യാര്‍ത്ഥിയാണ് വിഘ്‌നേഷ്. കരൂര്‍ ദുരന്തത്തിന് ശേഷവും വിജയുടെ റാലികളില്‍ അപകടങ്ങള്‍ ഉണ്ടാകുന്നത് വലിയ ചര്‍ച്ചയാവുകയാണ്.