കല്യാണ വീടുകളിൽനിന്നും സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച കേസ് ; കോളജ് പ്രഫസർ അറസ്റ്റിൽ
ബംഗളൂരു: കല്യാണ വീടുകളിൽനിന്നും സ്വർണാഭരണങ്ങളും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ച കേസിൽ സ്വകാര്യ കോളജിലെ പ്രഫസർ ബംഗളൂരുവിൽ അറസ്റ്റിൽ. കെ.ആർ. പുരം നിവാസിയും കന്നഡ പ്രഫസറുമായ രേവതിയാണ് അറസ്റ്റിലായതെന്ന് ബംഗളൂരു പൊലീസ് പറഞ്ഞു. ഇവരിൽനിന്നും 32 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും പിടിച്ചെടുത്തു. രേവതിയുടെ ഭർത്താവ് ഹൃദ്രോഗിയാണ്. മകൻറെ വിദ്യാഭ്യാസ ചെലവുകൂടി താങ്ങാനാകാതെ വന്നതോടെയാണ് മോഷണം നടത്തിയതെന്ന് അധികൃതർ പറഞ്ഞു. വിവാഹ വേദികളിൽ വരൻറെയോ വധുവിൻറെയോ ബന്ധു എന്ന വ്യാജേനയാണ് മോഷണം നടത്തിയത്.
നവംബർ 25ന് ബസവനഗുഡി പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ നടത്തിയ അന്വേഷണത്തിനു പിന്നാലെയാണ് അറസ്റ്റ്. ബന്ധുവിൻറെ വിവാഹ ചടങ്ങിൽ വച്ച് 32 ഗ്രാമിൻറെ സ്വർണമാലയും വിലപിടിപ്പുള്ള മറ്റൊരു മാലയും നഷ്ടപ്പെട്ടുവെന്നായിരുന്നു പരാതി. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഡിസംബർ ഒന്നിന് രേവതിയെ വീട്ടിൽനിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നാലെ 12 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു.
ചോദ്യം ചെയ്യലിൽ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചത് താനാണെന്നും ബംഗളൂരുവിലെ മറ്റ് രണ്ട് സ്ഥലങ്ങളിലും സംസ്ഥാനത്ത് പലയിടത്തായി വിവാഹ മണ്ഡപങ്ങളിൽ മോഷണം നടത്തിയെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ഡിസംബർ രണ്ടിനും ഡിസംബർ 12നും ഇടയിൽ അവരുടെ വീട്ടിൽനിന്നും കടുബീസനഹള്ളിയിലെ ബാങ്കിൽനിന്നും 32 ലക്ഷം രൂപ വിലമതിക്കുന്ന 262 ഗ്രാം സ്വർണാഭരണങ്ങൾ കണ്ടെടുത്തതായി പോലീസ് പറഞ്ഞു.