ഗ്യാനേഷ് കുമാറിന്റെ രാജിക്കായി സിജെപി രണ്ടാം ജന്തര്‍ മന്തര്‍ സമരം ഇന്ന് തുടങ്ങും ; സമരത്തെ നേരിടാന്‍ വിപുല സജ്ജീകരണവുമായി ഡല്‍ഹി പൊലീസ്

ജന്തര്‍ മന്തര്‍ 2.0 സമരം നയിക്കാന്‍ സിജെപി നേതാക്കളായ അഭിജിത് ദീപ്‌കെ, സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവര്‍ 10.15:ഓടെ ദില്ലി വിമാനത്താവളത്തില്‍ എത്തും എന്നാണ് വിവരം.

 

സമരത്തിന് എത്തുന്ന സിജെപി നേതാക്കളെ വിമാനത്താവളത്തില്‍ വെച്ച് കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് സൂചന.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സിജെപി പ്രഖ്യാപിച്ച രണ്ടാം ജന്തര്‍ മന്തര്‍ സമരം ഇന്ന് തുടങ്ങും. രാവിലെ 10 മണിയോടെ ജന്തര്‍ മന്തറില്‍ എത്തിച്ചേരാന്‍ ആണ് സിജെപി ആഹ്വാനം. ഇടത് വിദ്യാര്‍ഥി സംഘടനകളും തൃണമൂല്‍ കോണ്‍ഗ്രസ്സും സിപിഎമ്മും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതേസമയം, സമരത്തിന് എത്തുന്ന സിജെപി നേതാക്കളെ വിമാനത്താവളത്തില്‍ വെച്ച് കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് സൂചന.


ജന്തര്‍ മന്തര്‍ 2.0 സമരം നയിക്കാന്‍ സിജെപി നേതാക്കളായ അഭിജിത് ദീപ്‌കെ, സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവര്‍ 10.15:ഓടെ ദില്ലി വിമാനത്താവളത്തില്‍ എത്തും എന്നാണ് വിവരം. വിമാനത്താവളത്തില്‍ നിന്നും നേരെ ജന്തര്‍ മന്തറിലേക്ക് പോകാനാണ് തീരുമാനം. എന്നാല്‍ വിമാനത്താവളത്തില്‍ വച്ച് തന്നെ അറസ്റ്റ് ചെയ്‌തേക്കാം എന്ന് അഭിജീത് ദിപ്‌കെ പറഞ്ഞു. ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുക, എസ്.ഐ.ആര്‍ നടപടികള്‍ അടിയന്തരമായി മരവിപ്പിക്കുകയും 2025 ജനുവരിയിലെ വോട്ടര്‍ പട്ടിക പുനഃസ്ഥാപിക്കുകയും ചെയ്യുക, തെരഞ്ഞെടുപ്പ് കമീഷണര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട 2023 ലെ നിയമം തിരുത്തി കമ്മീഷന്റെ ഘടനയില്‍ സമഗ്രമായ പരിഷ്‌കരണം വരുത്തുക എന്നിവയാണ് സിജെപിയുടെ ആവശ്യങ്ങള്‍.

ഇന്ന് നടക്കുന്ന സിജെപി സമരത്തെ നേരിടാന്‍ വിപുലമായ സജീകരണങ്ങളാണ് ദില്ലി പൊലീസ് ഒരുക്കിയിരിക്കുന്നത്. ദില്ലി പൊലീസിനും സൈനിക അര്‍ധ സൈനിക വിഭാഗങ്ങള്‍ക്കും പുറമേ 70 കമ്പനി കേന്ദ്രസേനയെ കൂടി ദില്ലിക്ക് നിയോഗിച്ചിട്ടുണ്ട്. ഗതാഗത ക്രമീകരണങ്ങള്‍ മുതല്‍ ഇന്റര്‍നെറ്റ് നിരോധനം വരെയുള്ള നടപടികള്‍ സ്വീകരിച്ച് സമരത്തെ നേരിടാനാണ് പൊലീസ് നീക്കം. 57 മെട്രോ സ്റ്റേഷനുകള്‍ ഇന്നലെ രാത്രി ഒന്‍പത് മണിമുതല്‍ അടച്ചിട്ടിരിക്കുകയാണ്. ഒപ്പം ജന്തര്‍ മന്തിറിന് ചുറ്റുമുള്ള മേഖലകളിലേക്ക് ഊബര്‍, ഓല, റാപ്പിഡോ സൈകര്യങ്ങളും ലഭ്യമായിരിക്കില്ല. ഗതാഗത ക്രമീകരണങ്ങളുടെ ഭാഗമായി ഇന്ന് പുലര്‍ച്ചെ 4 മുതല്‍ ഉച്ചയ്ക്ക് 2 വരെ ന്യൂഡല്‍ഹി, ഹസ്രത്ത് നിസാമുദ്ദീന്‍ സ്റ്റേഷനുകളിലേക്കും തിരിച്ചുമുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ഗതാഗത നിയന്ത്രണങ്ങള്‍ക്ക് പുറമേ ഇന്നലെ രാത്രി പത്ത് മണി മുതല്‍ കര്‍ത്തവ്യപഥിന്റെ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.