ഓക്സ്ഫഡ് സർവകലാശാലയിലെ പരിപാടിക്ക് പോകുന്നതിനിടെ ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞെന്ന് സിജെപി നേതാവ് സൗരവ് ദാസ്

യുകെയിലെ ഓക്സ്ഫഡ് സർവകലാശാലയടക്കമുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരിപാടികളിൽ പങ്കെടുക്കാൻ ലണ്ടനിലേക്ക് പോകുന്നതിനിടെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തന്നെ തടഞ്ഞെന്ന് കോക്രോച്ച് ജനത പാർട്ടി (സിജെപി) സഹ കൺവീനർ സൗരവ് ദാസ്. തിങ്കളാഴ്ച രാത്രി എക്സിൽ (X) പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആരോപിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ഒന്നിന് പുറപ്പെടേണ്ട ലണ്ടൻ വിമാനത്തിൽ കയറുന്നതിന് മുൻപ് ഇമിഗ്രേഷൻ കൗണ്ടറിൽ തടയുകയായിരുന്നുവെന്നാണ് ആരോപണം.

 

ന്യൂഡൽഹി: യുകെയിലെ ഓക്സ്ഫഡ് സർവകലാശാലയടക്കമുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരിപാടികളിൽ പങ്കെടുക്കാൻ ലണ്ടനിലേക്ക് പോകുന്നതിനിടെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തന്നെ തടഞ്ഞെന്ന് കോക്രോച്ച് ജനത പാർട്ടി (സിജെപി) സഹ കൺവീനർ സൗരവ് ദാസ്. തിങ്കളാഴ്ച രാത്രി എക്സിൽ (X) പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആരോപിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ഒന്നിന് പുറപ്പെടേണ്ട ലണ്ടൻ വിമാനത്തിൽ കയറുന്നതിന് മുൻപ് ഇമിഗ്രേഷൻ കൗണ്ടറിൽ തടയുകയായിരുന്നുവെന്നാണ് ആരോപണം.

ഓക്സ്ഫഡ്, കേംബ്രിജ്, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്, എഡിൻബറോ സർവകലാശാലകൾ എന്നിവിടങ്ങളിൽ 'കോക്രോച്ച് മൂവ്മെന്‍റ്' സംബന്ധിച്ച പ്രഭാഷണങ്ങൾക്കായി ഇന്ത്യൻ വിദ്യാർത്ഥികൾ ക്ഷണിച്ചിരുന്നുവെന്ന് സൗരവ് ദാസ് വ്യക്തമാക്കി. ഓക്സ്ഫഡ് യൂണിയൻ സംഘടിപ്പിക്കുന്ന പാനൽ ചർച്ചയിൽ പങ്കെടുക്കാനായിരുന്നു യാത്ര. എന്നാൽ ഇമിഗ്രേഷൻ പരിശോധനയ്ക്കിടെ തന്‍റെ പാസ്പോർട്ടിന് നിയന്ത്രണമുള്ളതായി (Flagged) ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് സൗരവ് ദാസ് ഉന്നയിച്ചത്. വിദ്യാഭ്യാസമുള്ള യുവാക്കളുടെ ബൗദ്ധിക സംവാദങ്ങളെ സർക്കാർ ഭയപ്പെടുകയാണെന്നും 'ഭീരുക്കളായ മോദി സർക്കാരാണ്' തന്നെ തടഞ്ഞതെന്നും അദ്ദേഹം എക്സിലും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലും ആരോപിച്ചു.

സൗരവ് ദാസിനെ തടഞ്ഞതിൽ പ്രതിഷേധവുമായി സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയും രംഗത്തെത്തി. അധികാരത്തിലിരിക്കുന്ന ആരോ സൗരവിന് ഓക്സ്ഫഡിൽ നിന്ന് ക്ഷണം ലഭിച്ചതിൽ അസൂയപ്പെടുകയാണെന്നും, ഏതെങ്കിലും ബാങ്ക് കൊള്ളയടിച്ചിരുന്നെങ്കിൽ സർക്കാർ ലണ്ടനിലേക്ക് പറക്കാൻ അനുവദിക്കുമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. കഴിഞ്ഞ ഒക്ടോബറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പ്രതിഷേധിക്കാൻ ഡൽഹിയിലെത്തിയപ്പോഴും സൗരവ് ദാസിനെ വിമാനത്താവളത്തിൽ തടഞ്ഞിരുന്നു. അതേസമയം, തിങ്കളാഴ്ചത്തെ സംഭവത്തിൽ കേന്ദ്ര സർക്കാരിന്‍റെയോ വിമാനത്താവള അധികൃതരുടെയോ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണമൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.