കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ മരണം ; ദുരൂഹത അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷന് പരാതി
ആലുവ : കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയും പ്രമുഖ വ്യവസായിയുമായിരുന്ന സി.ജെ. റോയിയുടെ മരണത്തിലെ ദുരൂഹതകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കർണാടക സംസ്ഥാന മനുഷ്യാവകാശ കമീഷന് പരാതി. കേരള ഹൈകോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങ്ങാണ് പരാതി നൽകിയത്. ഹരജി കമീഷൻ ഫയലിൽ സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു. ആദായനിധി റെയ്ഡിന് പിന്നിൽ മറഞ്ഞിരിക്കുന്ന ചട്ടലംഘനങ്ങൾ മനുഷ്യാവകാശ കമീഷൻറെ നേതൃത്വത്തിൽ അന്വേഷിക്കണമെന്നും പരാതിയിൽ ആവിശ്യപ്പെട്ടിട്ടുണ്ട്.
ജനുവരി 30ന് ബംഗളുരു കോൺഫിഡന്റ് ഗ്രൂപ്പിന്റെ കോൺസൽ ഓഫിസിൽ സ്വയം വെടിവെച്ചാണ് റോയി മരിച്ചതെന്ന നിഗമനത്തിലാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നത്. മരണം സംഭവിച്ച ദിവസം ഓഫിസിൽ റോയി വന്ന സമയത്തെ കുറിച്ച് ഓഫിസ് ജീവനക്കാരും ആദായ നികുതി ഉദ്യോഗസ്ഥരും പൊലീസിന് നൽകിയ മൊഴിയിൽ വലിയ വൈരുധ്യം കാണുന്നതായി പരാതിയിൽ പറയുന്നു.
ആദായ നികുതി ഉദ്യോഗസ്ഥർ ഓഫിസിൽ ഉണ്ടായിരിക്കവെയാണ് സി.ജെ. റോയി മരണപ്പെടുന്നത്. മരണത്തെക്കുറിച്ച് നിരവധി ദുരൂഹതകൾ ഉയരുന്നു. ആദായ നികുതി ഉദ്യോഗസ്ഥർ സാധാരണ നടത്തി വരുന്ന റെയിഡിന്റെ നടപടി ക്രമങ്ങൾക്ക് വിരുദ്ധമായിട്ടാണ് സി.ജെ. റോയിയുടെ സ്ഥാപനത്തിലെ റെയിഡിലെ രീതികളെന്ന് വളരെ വ്യക്തമാണ്. പല ദിവസങ്ങളിലായി റെയിഡ് നടത്തിയതും പല കാരണങ്ങൾ പറഞ്ഞ് രണ്ടും മൂന്നും ഉദ്യോഗസ്ഥർ പല ഘട്ടങ്ങളിലായി സി.ജെ റോയിയുമായി ഇടപഴകിയതും ദുരൂഹതയുണ്ട്.
കേരളത്തിൽ ജോലി ചെയ്തിരുന്ന ഉന്നത റാങ്കിലുള്ള ഒരു ഇ.ഡി ഉഗ്യോഗസ്ഥനെ അടുത്ത സമയം കേന്ദ്ര സർക്കാർ നിർബന്ധിത വിരമിക്കൽ നൽകി പുറത്താക്കിയിരുന്നു. അതിനാൽ ആദായ നികുതി ഉദ്യോഗസ്ഥർ എല്ലാവരും സത്യസന്ധമായി പ്രവർത്തിക്കുന്നവരായി കാണുവാൻ കഴിയില്ല. കൊച്ചിയിലുള്ള സംഘമാണ് ബാംഗ്ലൂരിൽ തങ്ങി നിരവധി തവണ റോയിയുമായി ബന്ധപ്പെട്ടിരിക്കുന്നത്. റെയിഡ് നടക്കുമ്പോഴും മറ്റ് തുടർ നടപടികളിലും രണ്ട് സാക്ഷികൾ വേണമെന്ന ചട്ടം പാലിക്കപ്പെട്ടിട്ടില്ല. നിലവിൽ നടക്കുന്ന പൊലീസ് അന്വേഷണം ആദായ നികുതി വകുപ്പിനെ മുഖവിലയ്ക്ക് എടുത്തുള്ളതാണ്. ആദായ നികുതി ഉദ്യോഗസ്ഥർ ഇടനിലക്കാരെ ഉപയോഗിച്ചിരുന്നോയെന്നതും പരിശോധിക്കേണ്ടതാണ്.
സുപ്രീം കോടതി പറയുന്ന മാനദണ്ഡങ്ങൾ പല ഘട്ടങ്ങളിലും ആദായ നികുതി വകുപ്പ് പാലിക്കാത്തതിന് തെളിവുകൾ പുറത്ത് വരുന്നു. റെയ്ഡിന് മറവിൽ മറഞ്ഞിരിക്കുന്ന ഇടപാടുകളും മനുഷ്യാവകാശ ലംഘനങ്ങളും പുറത്തുവരാതിരിക്കുവാൻ ആദായ നികുതി ഉദ്യോഗസ്ഥർ സംഘടിച്ച് തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അഡ്വ. കുളത്തൂർ ജയ്‌സിങ് കർണാടക സംസ്ഥാന മനുഷ്യാവകാശ കമീഷനിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നു.