ഇൻഡിഗോ സർവീസുകളുടെ എണ്ണം വെട്ടിക്കുറച്ച് വ്യോമയാന മന്ത്രാലയം
ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻസിന്റെ ആഭ്യന്തര സർവീസുകളുടെ എണ്ണം വെട്ടിക്കുറച്ച് വ്യോമയാന മന്ത്രാലയം. 10 ശതമാനം സർവീസുകളാണ് കുറച്ചത്. ഇതോടെ, ശൈത്യകാലത്ത് രാജ്യത്ത് വിവിധ കേന്ദ്രങ്ങളിലേക്കുള്ള വിമാനയാത്രക്ക് തിരക്കേറിയേക്കും.
ഇന്ന്, രാവിലെ അഞ്ചുശതമാനം സർവീസുകൾ വെട്ടിക്കുറക്കുമെന്നാണ് ഡി.ജി.സി.എ അറിയിച്ചിരുന്നത്. എന്നാൽ, വൈകീട്ടോടെ ഇത് 10 ശതമാനമാക്കി ഉയർത്തുകയായിരുന്നു.
പ്രതിദിനം 2,200 ലധികം ആഭ്യന്തര വിമാന സർവീസുകളാണ് ഇൻഡിഗോ നടത്തുന്നത്. നിലവിലെ നിയന്ത്രണത്തോടെ പ്രതിദിനം 216-ഓളം സർവീസുകൾ കുറയും. വാസ്തവത്തിൽ, ഇൻഡിഗോയുടെ കൂടുതൽ സർവീസുകൾ റദ്ദായേക്കാമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. നിലവിലെ സാഹചര്യത്തിൽ 2,200ന് പകരം 1,800-1,900 സർവീസുകളേ ഇൻഡിഗോക്ക് നടത്താനായേക്കൂ.
ഇൻഡിഗോ സി.ഇ.ഒ പീറ്റർ എൽബേഴ്സിനെ ചൊവ്വാഴ്ച മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി വിവരങ്ങളാരാഞ്ഞതായി വ്യോമയാന മന്ത്രി റാം മോഹൻ നായിഡു കിഞ്ചരപു പറഞ്ഞു. സംഭവത്തിൽ അന്വേഷണവും അനുബന്ധ നടപടികളും പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
‘ഡിസംബർ ആറുവരെ ബാധിച്ച വിമാനങ്ങളിൽ ടിക്കറ്റ് റദ്ദായവർക്ക് 100 ശതമാനം റീഫണ്ടുകളും പൂർത്തിയായതായി ഇൻഡിഗോ സി.ഇ.ഒ പീറ്റർ എൽബേഴ്സ് സ്ഥിരീകരിച്ചു. ബാക്കി റീഫണ്ടുകളും ബാഗേജ് കൈമാറ്റവും പൂർത്തിയാക്കാൻ കർശന നിർദ്ദേശം നൽകി. ഇൻഡിഗോയുടെ സർവീസുകളിൽ കൂടുതൽ നിയന്ത്രണം ആവശ്യമുണ്ടെന്നാണ് മന്ത്രാലയം കരുതുന്നത്. ഇത് എയർലൈനിന്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കാനും റദ്ദാക്കലുകൾ കുറക്കാനും സഹായിക്കും. നിലവിൽ, 10 ശതമാനം സർവീസുകൾ വെട്ടിക്കുറച്ച് ഉത്തരവിട്ടിട്ടുണ്ട്. നിർദേശങ്ങൾ പാലിച്ചുകൊണ്ട് ഇൻഡിഗോ മുമ്പത്തെപ്പോലെ തന്നെ സർവീസുകൾ തുടരും,’ കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു എക്സിലെ കുറിപ്പിൽ വ്യക്തമാക്കി.