പൗരത്വ ഭേദഗതി : ഹരജികളിൽ മേയ് അഞ്ച് മുതൽ അന്തിമവാദം കേൾക്കുമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: 2019ലെ പൗരത്വ ഭേദഗതി നിയമത്തെ (സി.എ.എ) ചോദ്യം ചെയ്തുകൊണ്ട് സമർപ്പിക്കപ്പെട്ട 243 ഹരജികളിൽ മേയ് അഞ്ച് മുതൽ അന്തിമവാദം കേൾക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് നൽകിയ ഹരജിയാണ് ഇതിൽ പ്രധാനപ്പെട്ടത്. മേയ് അഞ്ച് മുതൽ 12 വരെയാണ് അന്തിമ വാദത്തിനായി മാറ്റിവെച്ചിരിക്കുന്നത്. കേസിൽ ആറ് വർഷത്തിന് ശേഷമാണ് അന്തിമ തീരുമാനത്തിലേക്ക് കോടതി കടക്കുന്നത്.
മേയ് അഞ്ചിനും ആറിനുമായി ഹരജിക്കാർക്ക് ഒന്നര ദിവസം വാദത്തിനായി അനുവദിച്ചു. തുടർന്ന് കേന്ദ്ര സർക്കാറിന് വാദങ്ങൾ അവതരിപ്പിക്കാൻ ഒരുദിവസം ലഭിക്കും. മേയ് 12ഓടെ വാദം പൂർത്തിയാക്കി വിധി പറയാനായി മാറ്റും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ എം. പാഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്. അധിക രേഖകളും രേഖാമൂലമുള്ള വാദങ്ങളും സമർപ്പിക്കാൻ കക്ഷികൾക്ക് നാലാഴ്ചത്തെ സമയം അനുവദിച്ചു.
ഹരജികളെ രണ്ട് വിഭാഗങ്ങളായി കോടതി തിരിക്കും. ആദ്യത്തേത് ഇന്ത്യയൊട്ടാകെ ബാധകമാകുന്ന വിഷയങ്ങൾ. അസം, ത്രിപുര സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക വിഷയങ്ങളാണ് രണ്ടാമത്തേത്. ദേശീയതലത്തിലുള്ള വിഷയങ്ങളിലായിരിക്കും ആദ്യം വാദം കേൾക്കുക.