ചൈനീസ് വിസ കുംഭകോണ കേസ് : കാർത്തി ചിദംബരത്തിനെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്താൻ അനുമതി നൽകി ഡൽഹി കോടതി
ന്യൂഡൽഹി: ചൈനീസ് വിസ കുംഭകോണ കേസിൽ കോൺഗ്രസ് എം.പി കാർത്തി ചിദംബരത്തിനെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്താൻ ഡൽഹി കോടതി അനുമതി നൽകി. പഞ്ചാബിൽ പവർ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കമ്പനിയുടെ ചൈനീസ് ഉദ്യോഗസ്ഥർക്ക് വിസ വീണ്ടും ഉപയോഗിക്കുന്നതിന് അനുമതി നൽകാൻ 50 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്ന് ആരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റർ ചെയ്ത കേസിലാണ് കുറ്റും ചുമത്താൻ ഡൽഹി റോസ് അവന്യൂ കോടതി അനുമതി നൽകിയത്.
കേസിൽ ജനുവരി 16ന് വാദം കേൾക്കും. പിതാവ് പി. ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കെ 2011ൽ 263 ചൈനീസ് പൗരന്മാർക്ക് വിസ നൽകിയതാണ് കേസിന് അടിസ്ഥാനം. ഇ.ഡി കേസ് വ്യാജമാണെന്നും ചൈനീസ് പൗരന്മാർക്ക് വിസ ലഭ്യമാക്കിയതിൽ യാതൊരു പങ്കുമില്ലെന്നുമാണ് കാർത്തിക് ചിദംബരം പറഞ്ഞത്.