ഇന്തോ - പസഫിക് മേഖലയിലെ ചൈനയുടെ വെല്ലുവിളി :  നേരിടാൻ 75 ബില്യണ്‍ ഡോളറിന്‍റെ പദ്ധതി പ്രഖ്യാപിച്ച് ജപ്പാന്‍

 

ഇന്തോ - പസഫിക് മേഖലയിലെ ചൈനയുടെ വെല്ലുവിളികള്‍ നേരിടാൻ 75 ബില്യണ്‍ ഡോളറിന്‍റെ പദ്ധതി പ്രഖ്യാപിച്ച് ജപ്പാന്‍. ദക്ഷിണേഷ്യൻ മേഖലയിലെ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുന്നത് കൂടി ലക്ഷ്യമിട്ടാണ് നടപടി. ഇന്ത്യൻ സന്ദർശനത്തിനായി എത്തിയപ്പോഴാണ് ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ പ്രഖ്യാപനം നടത്തിയത്. സ്വകാര്യ നിക്ഷേപങ്ങളിലൂടെയും സർക്കാർ സഹായവും വഴി  2030 ഓടെയാണ് പദ്ധതി നടപ്പാക്കുക.

യുക്രൈനിലെ റഷ്യയുടെ അധിനിവേശം എത്രയും വേഗം അവസാനിപ്പിക്കണമെന്നാണ് ജപ്പാന്‍റെ ആഗ്രഹമെന്നും കിഷിദ പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് അദ്ദേഹം സംസാരിച്ചത്. ജപ്പാന്‍റെ പുതിയ ഇന്തോ - പസഫിക് പദ്ധതിക്ക് നാല് തൂണുകളാണ് ഉള്ളത്.

സമാധാനം നിലനിർത്തുക, ഇന്തോ - പസഫിക് രാജ്യങ്ങളുമായി സഹകരിച്ച് പുതിയ ആഗോള പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുക, വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ ആഗോള കണക്റ്റിവിറ്റി കൈവരിക്കുക, കടലുകളുടെയും ആകാശത്തിന്റെയും സുരക്ഷ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. യു എസ്, ഓസ്‌ട്രേലിയ, യു കെ, കാനഡ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളുമായി ജപ്പാൻ ഏകോപനം ശക്തിപ്പെടുത്തും. തീർച്ചയായും ഇന്ത്യ ജപ്പാന്‍റെ പ്രധാന പങ്കാളിയാണ്.

ഇന്ത്യ, ജപ്പാൻ, യു എസ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ ചോര്‍ന്ന് ക്വാഡ് സഖ്യമാകും. ഇത് പ്രസിഡന്‍റ് ഷി ജിൻപിങ്ങിന്റെ കീഴിൽ ഏഷ്യ - പസഫിക് മേഖലയിൽ ചൈനയുടെ വർധിച്ചുവരുന്ന വെല്ലുവിളിക്കെതിരെ ഒരു കോട്ടയായി നിലകൊള്ളുമെന്നും കിഷിദ കൂട്ടിച്ചേര്‍ത്തു. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ ഇന്ത്യയിലെത്തിയത്. കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ജപ്പാൻ പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ എത്തി രാവിലെ സ്വീകരിച്ചു.