ചൈനയുടെ അവകാശവാദങ്ങൾക്ക് തിരിച്ചടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ
ചൈനയുമായുള്ള യഥാർത്ഥ നിയന്ത്രണരേഖക്ക് (LAC) സമീപമുള്ള അരുണാചൽ പ്രദേശിലെ 27 പ്രധാന സ്ഥലങ്ങൾക്കും ഭൂപ്രകൃതികൾക്കും ഇന്ത്യ ഔദ്യോഗികമായി പേരുകൾ പ്രഖ്യാപിച്ചു. സമീപ വർഷങ്ങളിൽ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങൾക്ക് ചൈന സ്വന്തം നിലയിൽ പുതിയ പേരുകൾ നൽകി അവകാശവാദങ്ങൾ ഉന്നയിച്ചതിനുള്ള തിരിച്ചടിയായാണ് ഔദ്യോഗിക
ന്യൂഡൽഹി: ചൈനയുമായുള്ള യഥാർത്ഥ നിയന്ത്രണരേഖക്ക് (LAC) സമീപമുള്ള അരുണാചൽ പ്രദേശിലെ 27 പ്രധാന സ്ഥലങ്ങൾക്കും ഭൂപ്രകൃതികൾക്കും ഇന്ത്യ ഔദ്യോഗികമായി പേരുകൾ പ്രഖ്യാപിച്ചു. സമീപ വർഷങ്ങളിൽ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങൾക്ക് ചൈന സ്വന്തം നിലയിൽ പുതിയ പേരുകൾ നൽകി അവകാശവാദങ്ങൾ ഉന്നയിച്ചതിനുള്ള തിരിച്ചടിയായാണ് ഔദ്യോഗിക വൃത്തങ്ങൾ ഈ നീക്കത്തെ വിശേഷിപ്പിക്കുന്നത്. ഈ പ്രദേശങ്ങളിൽ ഇന്ത്യക്കള്ള പൂർണമായ പരമാധികാരവും നിയമപരമായ അധികാരവും ഊട്ടിയുറപ്പിക്കുക എന്നതാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.
പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളിൽ ലോങ്ജു എന്ന അതിർത്തി ഗ്രാമവും ഉൾപ്പെടുന്നുണ്ട്. 1959 മുതൽ ചൈനയുടെ നിയന്ത്രണത്തിലാണെങ്കിലും, ഇത് ഇന്ത്യയുടെ അവകാശവാദ പരിധിയിൽ വരുന്ന പ്രദേശമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. അരുണാചൽ പ്രദേശ് സർക്കാരുമായി ആലോചിച്ച് സർവേ ഓഫ് ഇന്ത്യയുടെ (SoI) ഔദ്യോഗിക മാപ്പുകളിൽ ഈ 27 സ്ഥലങ്ങളുടെയും ഭൂപ്രകൃതികളുടെയും പേരുകൾ കൃത്യമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. ഈ പ്രദേശങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ മെച്ചപ്പെട്ട അവബോധം വളർത്താനും അവ കൃത്യമായി തിരിച്ചറിയാനും ഈ ഔദ്യോഗിക നാമകരണം സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
സർവേ ഓഫ് ഇന്ത്യയുടെ മാപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈ പ്രദേശങ്ങളിൽ 21 ഭൂപ്രദേശങ്ങളും, 4 മലനിരകളിലെ ചുരങ്ങളും, ഒരു തടാകവും, ഒരു സ്മാരകവുമാണ് ഉള്ളത്. ലോങ്ജു, മാജ, ബിസ, ബാര കുന്ദുൻ, ഛോട്ടാ കുന്ദുൻ, ധൻ ബാരി, പ്രീത്‌നഗർ, ബുദ്ധമന്ദിർ, ജയറാംപൂർ, തെരിത്‌നഗർ, രാംനഗർ, ജസ്വന്ത് ഗഢ്, സാഗർ, പത്മ, ജ്യോതിനഗർ, വൈശാഖി, ഛോട്ടാ റോപുക്, ബാര റോപുക്, ശിവാജി നഗർ, സുൻപുര, കാംലങ് നഗർ എന്നിവയാണ് കര പ്രദേശങ്ങൾ. ഡിസോ ലാ, റിസ ലാ, പുകുർ ലാ, തഗ് ലാ എന്നീ ചുരങ്ങളും, ശംഭോ സരോവർ തടാകവും, ഷെർ-ഇ-താപ സ്മാരകവുമാണ് പട്ടികയിലെ മറ്റ് പ്രധാന ഭൂവിഭാഗങ്ങൾ.
മാപ്പുകളെ സംബന്ധിച്ച് നിലനിന്നിരുന്ന അവ്യക്തതകൾ മാറ്റാനും, പരമാധികാര ഇന്ത്യയുടെ ഭാഗമായ അരുണാചൽ പ്രദേശിലെ പ്രദേശങ്ങൾക്ക് വ്യാജ പേരുകൾ നൽകാനുള്ള ചൈനയുടെ നീക്കങ്ങളെ പ്രതിരോധിക്കാനും ഈ നടപടി സഹായിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. സർവേ ഓഫ് ഇന്ത്യ മാപ്പിൽ ഈ 27 സ്ഥലങ്ങൾ ഉൾപ്പെടുത്തിയത് വഴി ഔദ്യോഗിക രേഖകളിലും ലാൻഡ് റവന്യൂ, സെൻസസ് കണക്കുകൾ, അടിസ്ഥാന സൗകര്യ വികസനം, അതിർത്തി റോഡ് നിർമാണം എന്നിവയിലും ഈ സ്ഥലങ്ങൾ കൃത്യമായി പരാമർശിക്കാൻ സാധിക്കുമെന്നും ഭരണപരമായ മൂല്യം വർധിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
അരുണാചൽ പ്രദേശിനെ “തെക്കൻ തിബറ്റ്” എന്ന് വിശേഷിപ്പിക്കുന്ന ചൈന, മുൻകാലങ്ങളിലും ഇന്ത്യൻ പ്രദേശങ്ങളിലെ പല സ്ഥലങ്ങൾക്കും തങ്ങളുടേതായ പേരുകൾ പ്രഖ്യാപിച്ചിരുന്നു. 2017, 2021, 2023, 2024 വർഷങ്ങളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ അവസരങ്ങളിലും ചൈന ഇത്തരം നാമകരണ നീക്കത്തിന് മുതിർന്നിട്ടുണ്ട്. ഈ വർഷം ഏപ്രിലിൽ 23 സ്ഥലങ്ങളുടെ പേരുകൾ മാറ്റി ചൈനീസ് സിവിൽ കാര്യ മന്ത്രാലയം വിജ്ഞാപനം ഇറക്കിയപ്പോൾ, അടിസ്ഥാനരഹിതമായ കഥകൾ മെനയുന്ന ഇത്തരം നടപടികൾ യാഥാർത്ഥ്യങ്ങളെ മാറ്റില്ലെന്നും ഉഭയകക്ഷി ബന്ധങ്ങൾ സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങളെ ഇത് തകിടം മറിക്കുമെന്നും വിദേശകാര്യ മന്ത്രാലയം ശക്തമായി വ്യക്തമാക്കിയിരുന്നു. അരുണാചൽ പ്രദേശ് എക്കാലത്തും ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്നും വരുംകാലങ്ങളിലും അങ്ങനെതന്നെയായിരിക്കുമെന്നുമുള്ള യാഥാർത്ഥ്യത്തെ ഇത്തരം വ്യാജ അവകാശവാദങ്ങൾക്ക് ഒരിക്കലും മാറ്റാൻ കഴിയില്ലെന്ന് വിദേശകാര്യ വൃത്തങ്ങൾ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.