മൊബൈല്‍ വിറ്റതോടെ കുട്ടികള്‍ വിഷമത്തിലായി, കുട്ടികളുടെ മരണം ഓണ്‍ലൈന്‍ ഗെയിമിലെ ടാസ്‌കെന്ന് ആവര്‍ത്തിച്ച് അച്ഛന്‍ ; ദുരൂഹത നീക്കാന്‍ പൊലീസ്

 

സീരീസ് കാണാനുപയോഗിച്ചിരുന്ന കുട്ടികളുടെ മൊബൈല്‍ കടക്കെണിയിലായ അച്ഛന്‍ വിറ്റിരുന്നു.

 

കുട്ടികള്‍ നിരന്തരം കൊറിയന്‍ വെബ് സീരീസുകളും കണ്ടിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി

ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ മൂന്ന് സഹോദരിമാരുടെ ആത്മഹത്യയിലെ ദുരൂഹത നീക്കാന്‍ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. രാജ്യത്തെ ഞെട്ടിച്ച മൂന്ന് സഹോദരിമാരുടെ ആത്മഹത്യക്ക് മറ്റു കാരണങ്ങളുണ്ടോയെന്നാണ് യുപി പോലീസ് പരിശോധിക്കുന്നത്. കുട്ടികളുടെ അച്ഛന് രണ്ട് കോടി രൂപ കടമുണ്ടായിരുന്നുവെന്നും, അച്ഛന്‍ തങ്ങളുടെ മൊബൈല്‍ ഫോണ്‍ വിറ്റതില്‍ മൂന്ന് പേരും വലിയ വിഷമത്തിലായിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. അതേസമയം കുട്ടികളുടെ മരണം ആത്മഹത്യ അല്ലെന്നും, ഓണ്‍ലൈന്‍ ഗെയിമിലെ ടാസ്‌ക് ആണെന്നും അച്ഛന്‍ ഇന്നലെയും പൊലീസിനോട് ആവര്‍ത്തിച്ചു.


ഗെയിം മാത്രമല്ല, കുട്ടികള്‍ നിരന്തരം കൊറിയന്‍ വെബ് സീരീസുകളും കണ്ടിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സമൂഹമാധ്യമങ്ങളില്‍ ഈ സീരീസുകളിലെ കഥാപാത്രങ്ങളുടെ പേരാണ് കുട്ടികള്‍ ഉപയോഗിച്ചിരുന്നത്. സീരീസ് കാണാനുപയോഗിച്ചിരുന്ന കുട്ടികളുടെ മൊബൈല്‍ കടക്കെണിയിലായ അച്ഛന്‍ വിറ്റിരുന്നു. ഈ പണമുപയോഗിച്ചാണ് വീട്ടിലെ കറണ്ട് ബില്‍ അടച്ചത്. അതിനുമുന്‍പ് ബില്ലടയ്ക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ വൈദ്യുതി റദ്ദാക്കിയിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

സ്റ്റോക്ക് ട്രേഡറായ കുട്ടികളുടെ അച്ഛന് 2 കോടിയുടെ കടമുണ്ട്. അച്ഛനെ പൊലീസ് ഇന്നലെയും ചോദ്യം ചെയ്തു. കുട്ടികള്‍ തീര്‍ത്തും ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചിരുന്നത്. മറ്റു കുട്ടികളോടൊപ്പം കളിക്കാന്‍ പോലും പോയിരുന്നില്ലെന്നും അയല്‍ക്കാര്‍ പൊലീസിനോട് പറഞ്ഞു. അതിനിടെ കുട്ടികള്‍ ആത്മഹത്യ ചെയ്തതല്ലെന്നും, ഓണ്‍ലൈന്‍ ഗെയിമിലെ ടാസ്‌ക് മരണത്തിന് കാരണമെന്നും കുട്ടികളുടെ അച്ഛന്‍ ആവര്‍ത്തിച്ചു. ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കാണ് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരിമാര്‍ യുപി നോയിഡയിലെ ഫ്‌ലാറ്റിലെ ഒന്‍പതാം നിലയില്‍നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്.