അസമിലെ മ​ദ്രസകളെല്ലാം ഉടൻ അടച്ചുപൂട്ടുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

 

ഗുവാഹതി: സംസ്ഥാനത്തെ മ​ദ്രസകളെല്ലാം ഉടൻ അടച്ചുപൂട്ടുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. കർണാടകയിലെ ബെലഗാവിയിൽ പൊതുപരിപാടിയിൽ സംസാരിക്കവെയാണ് അസം മുഖ്യമന്ത്രിയുടെ പരാമർശം. നിലവിൽ തന്റെ സർക്കാർ 600 മദ്രസകൾ പൂട്ടി, ബാക്കിയുള്ളവ ഉടൻ തന്നെ അടച്ചുപൂട്ടുമെന്നും ശർമ വ്യക്തമാക്കി. നമുക്ക് മ​ദ്രസകൾ അല്ല ആവശ്യം.എൻജിനീയർമാരെയും ഡോക്ടർമാരെയുമാണെന്നും ശർമ പറഞ്ഞു.

മദ്രസകൾക്കു പകരം കൂടുതൽ സ്കൂളുകളും കോളജുകളും യൂനിവേഴ്സിറ്റികളുമാണ് വേണ്ടത്. ആധുനിക ഇന്ത്യക്ക് മദ്രസകൾ വേണ്ടെന്നും ഹിമന്ത ശർമ കൂട്ടിച്ചേർത്തു. നിലവിൽ രജിസ്റ്റർ ചെയ്തതും അല്ലാത്തതുമായ 3000 മദ്രസകൾ പ്രവർത്തിക്കുന്നുണ്ട് അസമിൽ.

കര്‍ണാടക തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബി.ജെ.പി ദേശീയ നേതാക്കളുടെ പര്യടനത്തിന്റെ ഭാഗമായാണ് ഹിമന്ത ബിശ്വ ശർമ എത്തിയത്. ബംഗ്ലാദേശില്‍ നിന്നും കുടിയേറി വന്ന അഭയാർഥികള്‍ രാജ്യത്തിന് ഭീഷണിയാണെന്നും ഹിന്ദു സംസ്‌കാരത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.