ഗംഗാനദിയില്‍ ചിക്കന്‍-ബിയര്‍ പാര്‍ട്ടി; അഞ്ച് പേര്‍ പിടിയില്‍
ഇവര്‍ ചിക്കന്‍ പാകം ചെയ്യുകയും ബിയര്‍ കുടിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് നടപടി.
ഇവര്‍ ഗംഗയില്‍ സഞ്ചരിച്ചിരുന്ന ബോട്ട് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
യുപിയിലെ വാരണാസിയില്‍ ഗംഗാനദിയ്ക്ക് നടുവില്‍ ചിക്കന്‍ ബിയര്‍ പാര്‍ട്ടി നടത്തിയ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബോട്ടില്‍ സഞ്ചരിക്കുന്നതിനിടയില്‍ ഇവര്‍ ചിക്കന്‍ പാകം ചെയ്യുകയും ബിയര്‍ കുടിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് നടപടി. 25നും 32നും ഇടയില്‍ പ്രായമുള്ള അഞ്ചു പേരെയും തിരിച്ചറിഞ്ഞതായും കസ്റ്റഡിയില്‍ എടുത്തതായും എസിപി അതുല്‍ അഞ്ജന്‍ ത്രിപാഠി പറഞ്ഞു. ഇവര്‍ ഗംഗയില്‍ സഞ്ചരിച്ചിരുന്ന ബോട്ട് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ദീപക് കുമാര്‍, അജയ് സാഹ്നി, അരുണ്‍ കുമാര്‍ സാഹ്നി, അനുരാഗ് നിഷാദ്, രാഹുല്‍ സാഹ്നി എന്നിവരാണ് പിടിയിലായത്. ദശാശ്വമേധ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മന്‍മന്ദിര്‍ ഘട്ടിന് സമീപമായിരുന്നു യുവാക്കള്‍ മാംസാഹാരം പാകം ചെയ്യാനായി ഒത്തുചേര്‍ന്നത്.
ഇക്കഴിഞ്ഞ മാര്‍ച്ച് 17ന് ഗംഗയില്‍ ബോട്ടില്‍ സഞ്ചരിക്കുമ്പോള്‍ ചിക്കന്‍ ബിരിയാണി കഴിക്കുകയും അവശിഷ്ടങ്ങള്‍ നദിയിലേക്ക് എറിയുകയും ചെയ്ത 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ദൃശ്യങ്ങള്‍ വൈറലായതോടെ ലഭിച്ച പരാതിയിലാണ് അന്ന് പൊലീസ് നടപടി സ്വീകരിച്ചത്.