ഛത്തീസ്ഗഡിൽ തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ 15 വയസ്സുകാരൻ മരിച്ചു 

ഛത്തീസ്ഗഡിൽ തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ 15 വയസ്സുകാരൻ മരിച്ചതായി പരാതി. ഛത്തീസ്ഗഡിലെ ജഞ്ച്ഗിർ-ചമ്പ ജില്ലയിലെ ഗുർകോട്ട് ഗ്രാമത്തിലാണ് സംഭവം. മൂന്ന് കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഏറ്റതായും അധികൃതർ അറിയിച്ചു.

 

 റായ്പൂർ: ഛത്തീസ്ഗഡിൽ തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ 15 വയസ്സുകാരൻ മരിച്ചതായി പരാതി. ഛത്തീസ്ഗഡിലെ ജഞ്ച്ഗിർ-ചമ്പ ജില്ലയിലെ ഗുർകോട്ട് ഗ്രാമത്തിലാണ് സംഭവം. മൂന്ന് കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഏറ്റതായും അധികൃതർ അറിയിച്ചു.

​പോഡി ദൽഹ ഗ്രാമത്തിലെ 15 വയസ്സുകാരനായ അഖിലേഷ് ധിവാർ ആണ് മരിച്ചത്. അവരിദ് ഗ്രാമത്തിൽ നിന്നുള്ള ശ്രീ ധീവർ (4), ഖട്ടോലയിൽ നിന്നുള്ള പിന്റു ധീവർ (12), കോട്ഗഡിൽ നിന്നുള്ള ഹിതേഷ് ധിവർ (13) എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.

ബന്ധുക്കളോടൊപ്പം അമ്മവീട്ടിൽ എത്തിയതായിരുന്നു കുട്ടികൾ. ഞായറാഴ്ച വൈകിട്ട് കുട്ടികൾ വീട്ടിൽ മുറിച്ചുവെച്ചിരുന്ന തണ്ണിമത്തൻ കഴിച്ചിരുന്നു. ഏതാനും മണിക്കൂറുകൾക്ക് ശേഷം അഖിലേഷിന് ഛർദ്ദി തുടങ്ങി. കൂടാതെ വയറിളക്കവും ശ്വാസതടസ്സവും അനുഭവപ്പെട്ടു. പിന്നീട് മറ്റ് മൂന്ന് കുട്ടികളിലും സമാനമായ ലക്ഷണങ്ങൾ തുടങ്ങി. കുട്ടികളുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് തിങ്കളാഴ്ച കുടുംബാംഗങ്ങൾ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും അഖിലേഷ് മരിച്ചിരുന്നു. മറ്റ് മൂന്നു കുട്ടികളും അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.

രാവിലെ മുറിച്ച തണ്ണിമത്തനായതിനാലാകാം ഭക്ഷ്യവിഷബാധയേറ്റതെന്ന് ജില്ലാ ആശുപത്രി സിവിൽ സർജൻ ഡോ. എസ്. കുജൂർ പറഞ്ഞു. കേടായ തണ്ണിമത്തൻ കഴിച്ചതുകൊണ്ടാണ് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റതെന്ന് കരുതപ്പെടുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. ഫോറൻസിക് പരിശോധനക്കായി ആന്തരികാവയവങ്ങളുടെ സാമ്പ്ളുകൾ സൂക്ഷിച്ചിട്ടുണ്ട്. വീട്ടിൽ സൂക്ഷിച്ചിരുന്ന മറ്റൊരു തണ്ണിമത്തൻ ലബോറട്ടറി പരിശോധനക്കായി ഭക്ഷ്യസുരക്ഷാ വകുപ്പിന് അയച്ചതായും ഡോക്ടർ കൂട്ടിച്ചേർത്തു. ഫോറൻസിക്, ഭക്ഷ്യസുരക്ഷാ റിപ്പോർട്ടുകൾ ലഭിച്ചതിനുശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂവെന്നും അധികൃതർ പറഞ്ഞു.