ഛത്തിസ്ഗഢിൽ പത്മശ്രീ പുരസ്കാര ജേതാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു
റായ്പൂർ : സാമൂഹിക പ്രവർത്തന മികവിന് രാജ്യം പത്മശ്രീ നൽകി ആദരിച്ച വനിതയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം പൊലീസ് തടഞ്ഞു. സാമൂഹിക പ്രവർത്തകയും ആദിവാസി മേഖലകളിൽ സ്ത്രീശാക്തീകരണത്തിലൂടെ ശ്രദ്ധേയയുമായ ഫൂൽബസൻ ഭായ് യാദവിനെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.
തങ്ങൾക്കൊപ്പമുള്ള ഭിന്നശേഷിക്കാരിയായ സ്ത്രീക്ക് സെൽഫിയെടുക്കാൻ താൽപര്യമുണ്ടെന്നറിയിച്ചായിരുന്നു ഇവർ ബെമറ്റാര മേഖലയിലെ ഗ്രാമത്തിൽ ഫുൽബസൻ ഭായുടെ വീട്ടിലെത്തിയത്. ഫോട്ടോ എടുക്കാനായി ഇവർ കാറിനരികിലെത്തിയപ്പോൾ, വാഹനത്തിലേക്ക് തള്ളിക്കയറ്റി, കൈയും വായും തുണി ഉപയോഗിച്ച് ബന്ധിച്ചു. വാഹനം അതിവേഗത്തിൽ കുതിക്കവെ, യാത്രാമധ്യേയായിരുന്നു ട്വിസ്റ്റ്. പതിവ് പരിശോധനക്കിറങ്ങിയ ചിക്ലി ട്രാഫിക് പൊലീസ് ഇവരുടെ കാറും തടഞ്ഞു. കാറിനകത്ത് സ്ത്രീയെ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയപ്പോൾ പൊലീസ് കൂടുതൽ പരിശോധനക്കൊരുങ്ങി. സ്ത്രീക്ക് അപസ്മാരമാണെന്നായിരുന്നു സംഘം പൊലീസിനോട് പറഞ്ഞത്.
എന്നാൽ, പൊലീസുകാരിൽ ഒരാൾ ഫുൽബസൻ ഭായ് യാദവിനെ തിരിച്ചറിഞ്ഞതോടെ കഥമാറി. രണ്ട് സ്ത്രീകൾ ഉൾപ്പെടുന്ന മൂന്നംഗ സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത് ഫുൽബസൻ ഭായിയെ മോചിപ്പിച്ചു. പത്മ ജേതാവിനെ തട്ടിക്കൊണ്ടുപോകാനുള്ള കാരണം എന്താണെന്ന് അന്വേഷിച്ചുവരുന്നതായി പൊലീസ് അറിയിച്ചു. സ്വയം സഹായ മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ച ഫുൽബസൻ ഭായ് യാദവിനെ 2012ലാണ് രാജ്യം പത്മ പുരസ്കാരം നൽകി ആദരിച്ചത്.