ചെന്നൈ വിമാനത്താവളത്തിൽ കൊക്കെയ്നുമായി ബോളിവുഡ് നടൻ പിടിയിൽ
ബോളിവുഡ് സിനിമയിൽ സഹനടനായി അഭിനയിച്ച നടൻ വിശാൽ ബ്രഹ്മയെ 3.5 കിലോ കൊക്കെയ്നുമായി ചെന്നൈ വിമാനത്താവളത്തിൽ വെച്ച് പിടികൂടി
ചെന്നൈ: ബോളിവുഡ് സിനിമയിൽ സഹനടനായി അഭിനയിച്ച നടൻ വിശാൽ ബ്രഹ്മയെ 3.5 കിലോ കൊക്കെയ്നുമായി ചെന്നൈ വിമാനത്താവളത്തിൽ വെച്ച് പിടികൂടി. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 35 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്നാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.
സംവിധായകൻ കരൺ ജോഹറിൻ്റെ ‘സ്റ്റുഡൻ്റ് ഓഫ് ദി ഇയർ’ സിനിമയിൽ സഹകഥാപാത്രമായിരുന്നു വിശാൽ ബ്രഹ്മ. സിംഗപ്പൂരിൽ നിന്ന് വിമാനത്തിലെത്തിയപ്പോഴാണ് എയർ ഇന്റലിജൻസ് വിഭാഗവും കസ്റ്റംസ് വിഭാഗവും റവന്യു ഇന്റലിജൻസ് വിഭാഗവും (ഡി.ആർ.ഐ) സംയുക്തമായി നടത്തിയ പരിശോധനയിൽ ഇയാൾ പിടിയിലായത്. പരിശോധനയിൽ ലഭിച്ച പൊടിപോലെയുള്ള പദാർത്ഥം കൊക്കെയ്ൻ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
വിശാൽ ബ്രഹ്മയുടെ ബാഗിൽ ഒളിപ്പിച്ച നിലയിലാണ് കൊക്കെയ്ൻ കണ്ടെത്തിയത്. സിംഗപ്പൂർ വിമാനത്താവളത്തിൽ വെച്ച് കണ്ടുമുട്ടിയ ഒരാൾ നൽകിയ ബാഗ് ചെന്നൈയിൽ വെച്ച് മറ്റൊരാൾക്ക് കൈമാറാനായിരുന്നു നിർദ്ദേശമെന്നാണ് നടൻ കസ്റ്റംസിന് മൊഴി നൽകിയത്. എന്നാൽ, ഉദ്യോഗസ്ഥർ ഈ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല.
ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം, സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന ബ്രഹ്മയെ ഡൽഹിയിലെ സുഹൃത്തുക്കൾ നൈജീരിയൻ മയക്കുമരുന്ന് സംഘത്തിലെ അംഗത്തിന് പരിചയപ്പെടുത്തുകയും, കംബോഡിയയിലേക്കുള്ള ഹോളിഡേയും ലക്ഷക്കണക്കിന് രൂപയും വാഗ്ദാനം ചെയ്യുകയുമുണ്ടായി. ഇതിന്റെ ഭാഗമായാണ് ഈ യാത്രയെന്നാണ് അധികൃതർ സംശയിക്കുന്നത്.
ഡൽഹിയിലോ മുംബൈയിലോ പ്രവർത്തിക്കുന്ന മയക്കുമരുന്ന് ശൃംഖലയുമായി വിശാൽ ബ്രഹ്മയ്ക്ക് ബന്ധമുണ്ടെന്നാണ് കസ്റ്റംസ് കരുതുന്നത്. മുമ്പ് ഇത്തരത്തിൽ മയക്കുമരുന്ന് കടത്തൽ നടത്തിയിട്ടുണ്ടോ എന്നറിയാൻ കസ്റ്റംസ് വിഭാഗം നടന്റെ യാത്രാ ചരിത്രം പരിശോധിച്ച് വരികയാണ്. കേന്ദ്ര വരുമാന ബോർഡ് ഇന്റലിജൻസ് വിഭാഗം ഈ വലിയ മയക്കുമരുന്ന് ശൃംഖലയെ സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.