കുപ്പിവെള്ളത്തിന് 2 രൂപ അധികം വാങ്ങി; റെസ്റ്റോറന്റിന് പിഴ ഒരു ലക്ഷം പിഴയിട്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

കുപ്പിവെള്ളത്തിന് 2 രൂപ അധികമായി ഈടാക്കിയ റെസ്റ്റോറന്റിന് ഒരു ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ഉത്തർപ്രദേശ് അലിഗഡിലെ ഉപഭോക്ത്ര കമ്മീഷനാണ് പിഴ ചുമത്തിയത്.

 

വെള്ളം ചോദിച്ചപ്പോൾ കുപ്പിവെള്ളമാണ് ഇരുവർക്കും നൽകിയത്. എന്നാൽ 18 രൂപയുള്ള കുപ്പിവെള്ളത്തിന് റെസ്റ്റോറന്റിൽ 20 രൂപയാണ് ഈടാക്കിയത്.

 

ഉത്തർപ്രദേശ്: കുപ്പിവെള്ളത്തിന് 2 രൂപ അധികമായി ഈടാക്കിയ റെസ്റ്റോറന്റിന് ഒരു ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ഉത്തർപ്രദേശ് അലിഗഡിലെ ഉപഭോക്ത്ര കമ്മീഷനാണ് പിഴ ചുമത്തിയത്. ഹസ്നൈൻ ഖുറേഷി, പൂർണിമ സിംഗ് എന്നിവർ നൽകിയ പരാതിയിലാണ് അലിഗഡ് കമ്മീഷൻ പിഴ ചുമത്തി ഉത്തരവിട്ടത്. ഹത്രാസിലെ ഒരു റെസ്റ്റോറന്റിനാണ് പിഴ ലഭിച്ചത്.

മാർച്ച് മാസത്തിലാണ് ഇരുവരും ഹത്രാസിലെ ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനായി പോയത്. വെള്ളം ചോദിച്ചപ്പോൾ കുപ്പിവെള്ളമാണ് ഇരുവർക്കും നൽകിയത്. എന്നാൽ 18 രൂപയുള്ള കുപ്പിവെള്ളത്തിന് റെസ്റ്റോറന്റിൽ 20 രൂപയാണ് ഈടാക്കിയത്. ഇതോടെയാണ് ഇരുവരും പരാതിയുമായി മുന്നോട്ടുപോയത്.ഭക്ഷണം കഴിച്ച ബിൽ, വെള്ളംകുപ്പിയുടെ ഫോട്ടോ എന്നിവയടക്കം പരാതിക്കാർ കമ്മീഷന് മുൻപാകെ ഹാജരാക്കിയിരുന്നു.

വെള്ളംകുപ്പിയിൽ 18 രൂപ എന്നാണ് എഴുതിയിരുന്നത്. എന്നാൽ ഭക്ഷണം കഴിച്ച ശേഷമുള്ള ബില്ലിൽ 20 എന്നുമാണ് എഴുതിയിരുന്നത്. ഇതോടെ കമ്മീഷന് വിലയിൽ കൃത്രിമത്വം നടന്നതായി ബോധ്യപ്പെട്ടു. പരാതി രേഖപ്പെടുത്തിയ ശേഷം പല സമയത്തായി കമ്മീഷൻ റെസ്റ്റോറന്റിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ റെസ്റ്റോറന്റ് അധികൃതർ കേസ് നടപടികൾക്കായി ഒരിക്കൽ പോലും ഹാജരായില്ല. ഇതോടെ സ്വമേധയാ മുൻപോട്ടുപോയ കമ്മീഷൻ റെസ്റ്റോറന്റിന് പിഴ ചുമത്തുകയായിരുന്നു.

പരാതിക്കാർക്ക് 6000 രൂപ നൽകാനും ഉപഭോക്ത്ര ക്ഷേമ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ ഡെപ്പോസിറ്റായി നൽകാനുമാണ് കമ്മീഷൻ ഉത്തരവിട്ടത്. 45 ദിവസത്തിനുള്ളിൽ ഉത്തരവ് നടപ്പാക്കണമെന്നും കമ്മീഷൻ പറഞ്ഞിട്ടുണ്ട്.