സുപ്രിംകോടതിയിലെ 37 ജഡ്ജിമാരെയും നിയമിച്ചത് മോദി സർക്കാർ ; ഹൈക്കോടതികളിലും കാവിവൽക്കരണം രൂക്ഷം ; വിമർശിച്ച് ജസ്റ്റിസ് കെ.ചന്ദ്ര  

രാജ്യത്തെ ജുഡീഷ്യൽ നിയമനരീതിയെയും ഹൈക്കോടതികളിലെ വർധിച്ചുവരുന്ന രാഷ്ട്രീയവൽക്കരണത്തെയും വിമർശിച്ച് മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ. ചന്ദ്രു. സുപ്രിംകോടതിയിലെ നിലവിലെ 37 ജഡ്ജിമാരും നരേന്ദ്ര മോദി സർക്കാരിന്റെ കാലത്താണ് നിയമിതരായതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഹൈക്കോടതികളിൽ കാവിവൽക്കരണം രൂക്ഷമാകുന്നതായും ആരോപിച്ചു.

 

 രാജ്യത്തെ ജുഡീഷ്യൽ നിയമനരീതിയെയും ഹൈക്കോടതികളിലെ വർധിച്ചുവരുന്ന രാഷ്ട്രീയവൽക്കരണത്തെയും വിമർശിച്ച് മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ. ചന്ദ്രു. സുപ്രിംകോടതിയിലെ നിലവിലെ 37 ജഡ്ജിമാരും നരേന്ദ്ര മോദി സർക്കാരിന്റെ കാലത്താണ് നിയമിതരായതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഹൈക്കോടതികളിൽ കാവിവൽക്കരണം രൂക്ഷമാകുന്നതായും ആരോപിച്ചു.

ഏഷ്യൻ കോളജ് ഓഫ് ജേർണലിസം സംഘടിപ്പിച്ച ‘ആരാണ് ജഡ്ജിമാരെ വിധിക്കുക’ എന്ന വിഷയത്തിലുള്ള പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ (എൻജെഎസി) നിയമം സുപ്രിംകോടതി റദ്ദാക്കിയതിന് പിന്നാലെ പുതിയ നിയമനിർമാണത്തിന് തയാറാകാതെ, തങ്ങൾക്ക് താൽപ്പര്യമുള്ളവരെ തിരഞ്ഞെടുത്ത് നിയമിക്കുന്ന രഹസ്യമായ വിലപേശൽ സമ്പ്രദായമാണ് കേന്ദ്ര സർക്കാർ പിന്തുടരുന്നതെന്നും അദ്ദേഹം വിമർശിച്ചു.

നിലവിലെ നിയമനരീതിയിൽ സുതാര്യതയില്ലെന്നും ജഡ്ജിമാരെ നിയമിക്കുന്നതിൽ രാഷ്ട്രീയ താൽപ്പര്യങ്ങൾ സ്വാധീനം ചെലുത്തുന്നുണ്ടെന്നും ചന്ദ്രു ചൂണ്ടിക്കാട്ടി. എൻജെഎസി പോലുള്ള സംവിധാനങ്ങളിൽ നിയമനവുമായി ബന്ധപ്പെട്ട വിലയിരുത്തലുകൾ പരസ്യമായി നടക്കുമായിരുന്നു. എന്നാൽ, നിലവിലെ രഹസ്യമായ നടപടിക്രമമാണ് കേന്ദ്ര സർക്കാരിന് കൂടുതൽ പ്രയോജനകരമെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷങ്ങൾക്കെതിരെ പരസ്യമായി വിദ്വേഷ പ്രസംഗങ്ങൾ നടത്തിയെന്ന വിമർശനം നേരിട്ട ജസ്റ്റിസ് വിക്ടോറിയ ഗൗരിയുടെ നിയമനം വേഗത്തിൽ നടന്നപ്പോൾ, കൊളീജിയം പലതവണ ശുപാർശ ചെയ്തിട്ടും അഭിഭാഷകൻ ജോൺ സത്യന്റെ നിയമനം ഇതുവരെ നടപ്പായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹൈക്കോടതികളിലെ നിയമനങ്ങളിൽ പ്രത്യേക സംഘടനയുമായി ബന്ധമുള്ളവരുടെ ശുപാർശകൾ വേഗത്തിൽ അംഗീകരിക്കപ്പെടുകയും മറ്റുള്ളവരുടെ നിയമനങ്ങൾ നീണ്ടുപോവുകയും ചെയ്യുന്ന സാഹചര്യമുണ്ടെന്നും ചന്ദ്രു ആരോപിച്ചു. പ്രത്യേക വിഭാഗത്തിൽപ്പെട്ടവരുടെ നിയമനങ്ങൾക്ക് മുൻഗണന നൽകുകയും മറ്റുള്ളവരുടെ കാര്യത്തിൽ കാലതാമസം വരുത്തുകയും ചെയ്യുന്ന അലിഖിത നടപടിക്രമം നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ ജഡ്ജിമാരുടെ നിയമനത്തിനായി പരിഗണിക്കപ്പെടുന്നവരുടെ പരിധി വളരെ പരിമിതമാണെന്നും നിയമ പ്രൊഫസർമാരെയും വിദഗ്ധരെയും ജഡ്ജിമാരായി പരിഗണിക്കുന്ന പതിവ് രാജ്യത്തില്ലെന്നും അദ്ദേഹം വിമർശിച്ചു. ജഡ്ജിമാരുടെ നിയമനം ഏതാനും വ്യക്തികളുടെ മാത്രം വിഷയമല്ലെന്നും അത് രാജ്യത്തെ ഓരോ പൗരനെയും ബാധിക്കുന്ന ഗൗരവമേറിയ പ്രശ്നമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

താൽക്കാലിക പരിഹാരങ്ങൾക്കുപകരം സുതാര്യവും സ്ഥിരവുമായ നിയമന സംവിധാനം വേണമെന്നും ഭരണഘടന വിഭാവനം ചെയ്യാത്ത മാർഗങ്ങളിലൂടെയുള്ള പിൻവാതിൽ നിയമനങ്ങൾ ഭരണഘടനാ തത്വങ്ങളെ അട്ടിമറിക്കുന്നതിന് തുല്യമാണെന്നും ജസ്റ്റിസ് കെ. ചന്ദ്രു കൂട്ടിച്ചേർത്തു.