വിമാനങ്ങളിൽ സുസ്ഥിര ഇന്ധനം നിർബന്ധമാക്കാൻ കേന്ദ്രം; കരട് നയം തയ്യാറായി

വിമാനയാത്ര മൂലം ഉണ്ടാകുന്ന കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനായി വിമാന ഇന്ധനത്തിൽ സുസ്ഥിര വ്യോമയാന ഇന്ധനം (സസ്റ്റെയിനബിൾ ഏവിയേഷൻ ഫ്യുവൽ - SAF) നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഇതിനായുള്ള നയത്തിന്റെ കരട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവില്‍ ഏവിയേഷൻ (DGCA) തയ്യാറാക്കി. 2027 മുതൽ വിമാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യുവലിൽ (ATF) ഒരു ശതമാനം എസ്എഎഫ് കലർത്താനാണ് പ്രധാന നിർദേശം. ഇത് 2030-ഓടെ അഞ്ച് ശതമാനമായും 2040-ഓടെ 20 ശതമാനമായും (ഘട്ടം ഘട്ടമായി 40% വരെയും) ഉയർത്താനാണ് ലക്ഷ്യമിടുന്നത്.

 

ന്യൂഡൽഹി: വിമാനയാത്ര മൂലം ഉണ്ടാകുന്ന കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനായി വിമാന ഇന്ധനത്തിൽ സുസ്ഥിര വ്യോമയാന ഇന്ധനം (സസ്റ്റെയിനബിൾ ഏവിയേഷൻ ഫ്യുവൽ - SAF) നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഇതിനായുള്ള നയത്തിന്റെ കരട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവില്‍ ഏവിയേഷൻ (DGCA) തയ്യാറാക്കി. 2027 മുതൽ വിമാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യുവലിൽ (ATF) ഒരു ശതമാനം എസ്എഎഫ് കലർത്താനാണ് പ്രധാന നിർദേശം. ഇത് 2030-ഓടെ അഞ്ച് ശതമാനമായും 2040-ഓടെ 20 ശതമാനമായും (ഘട്ടം ഘട്ടമായി 40% വരെയും) ഉയർത്താനാണ് ലക്ഷ്യമിടുന്നത്.

നയത്തിന്റെ കരട് തയ്യാറായെങ്കിലും വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമ അംഗീകാരം ലഭ്യമാകുന്നതോടെ നയം ഔദ്യോഗികമായി നിലവിൽ വരും. അന്താരാഷ്ട്ര വ്യോമയാന കാർബൺ ഓഫ്‌സെറ്റിങ് ആൻഡ് റിഡക്ഷൻ പദ്ധതിയായ കോർസിയയിൽ (CORSIA) 2027 മുതൽ ഇന്ത്യ പങ്കാളിയാകുന്നതിന്റെ ഭാഗമായാണ് പുതിയ നിർദേശം. ആദ്യഘട്ടത്തിൽ അന്താരാഷ്ട്ര വിമാന സർവീസുകളിലാണ് എസ്എഎഫ് ഉപയോഗം നിർബന്ധമാക്കുക. ഇതിൽ ഇന്ത്യയിൽ തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന എസ്എഎഫ് മാത്രമേ വിമാന ഇന്ധനത്തിൽ കലർത്താൻ അനുവദിക്കൂ എന്ന് നയത്തിൽ വ്യക്തമാക്കുന്നുണ്ട്.

പരമ്പരാഗത ജെറ്റ് ഇന്ധനത്തേക്കാൾ ഉയർന്ന വിലയുള്ളതായതിനാൽ ആദ്യഘട്ടത്തിൽ ഇന്ധന വിതരണക്കാർക്ക് ആവശ്യമായ പ്രോത്സാഹനങ്ങൾ നൽകാനും നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ പിഴ ചുമത്താനും കരടിൽ വ്യവസ്ഥയുണ്ട്. അതേസമയം, ആഭ്യന്തര വിമാന സർവീസുകൾ, അടിയന്തര/മെഡിക്കൽ ആവശ്യങ്ങൾക്കുള്ള വിമാനങ്ങൾ, അറ്റകുറ്റപ്പണിക്കുള്ള സർവീസുകൾ എന്നിവയ്ക്ക് ഇളവുകൾ അനുവദിക്കും. പദ്ധതിയുടെ ഏകോപനത്തിനായി പെട്രോളിയം-വ്യോമയാന മന്ത്രാലയ സെക്രട്ടറിമാർ നയിക്കുന്ന പ്രത്യേക സമിതിയും പ്രവർത്തനങ്ങൾ സുതാര്യമായി നിരീക്ഷിക്കാൻ ഡിജിസിഎയുടെ കീഴിൽ ഡിജിറ്റൽ രജിസ്ട്രിയും നിലവിൽ വരും.