തീരുമാനത്തിൽ ഉറച്ച് കേന്ദ്രം; 2,000 രൂപയ്ക്ക് മുകളിലുള്ള ചില യുപിഐ ഇടപാടുകൾക്ക് നിരക്ക് ഈടാക്കും
2,000 രൂപയ്ക്ക് മുകളിലുള്ള ചില യുപിഐ ഇടപാടുകൾക്ക് നിരക്ക് ഈടാക്കാനുള്ള തീരുമാനത്തിൽ ഉറച്ച് കേന്ദ്രം. പ്രതിപക്ഷത്തുനിന്ന് ശക്തമായ വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും, ഈ തീരുമാനം അഞ്ച് വർഷം മുമ്പ് ആലോചിച്ച് എടുത്തതാണെന്നും ഒരു കാരണവശാലും പിൻവലിക്കില്ലെന്നും ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി.
ന്യൂഡൽഹി: 2,000 രൂപയ്ക്ക് മുകളിലുള്ള ചില യുപിഐ ഇടപാടുകൾക്ക് നിരക്ക് ഈടാക്കാനുള്ള തീരുമാനത്തിൽ ഉറച്ച് കേന്ദ്രം. പ്രതിപക്ഷത്തുനിന്ന് ശക്തമായ വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും, ഈ തീരുമാനം അഞ്ച് വർഷം മുമ്പ് ആലോചിച്ച് എടുത്തതാണെന്നും ഒരു കാരണവശാലും പിൻവലിക്കില്ലെന്നും ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി. ദേശീയ പേമെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം, വ്യക്തികൾ തമ്മിലുള്ള (P2P) എല്ലാ ഇടപാടുകളും പൂർണമായും സൗജന്യമായി തുടരും.
എന്നാൽ 2,000 രൂപയ്ക്ക് മുകളിലുള്ള ചില കച്ചവട സ്ഥാപനങ്ങൾക്കായുള്ള യുപിഐ (P2M) ഇടപാടുകൾക്ക് മർച്ചന്‍റ് ഡിസ്കൗണ്ട് റേറ്റ് (MDR) ബാധകമാകും.2,000 രൂപയ്ക്ക് മുകളിലുള്ള കച്ചവട ഇടപാടുകൾക്ക് 0.4% നിരക്കിൽ എംഡിആർ ഈടാക്കും. (ഉദാഹരണത്തിന് 2,001 രൂപയ്ക്ക് ഏകദേശം 8 രൂപ). റെയിൽവേ, ടെലികോം സേവനങ്ങൾ, ഇൻഷുറൻസ്, ഇന്ധനം തുടങ്ങിയ മേഖലകളിൽ 5 രൂപയുടെ ഫ്ലാറ്റ് നിരക്ക് ബാധകമായിരിക്കും.
പ്രതിമാസം 1 ലക്ഷം രൂപ വരെ യുപിഐ ക്യുആർ കോഡ് വഴി ഇടപാട് നടത്തുന്ന ചെറിയ വ്യാപാരികൾക്ക് യാതൊരു നിരക്കും ഉണ്ടാകില്ല. ആകെ ഇടപാടുകളുടെ 96 ശതമാനവും യാതൊരുവിധ ബാധ്യതകളുമില്ലാതെ സൗജന്യമായി തുടരുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ഇടപാടുകൾക്ക് നിരക്ക് ഏർപ്പെടുത്തിയതിനെതിരേ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രംഗത്തുവന്നു. സാധാരണക്കാരുടെ സമ്പാദ്യം ഇല്ലാതാക്കുന്ന നടപടിയാണിതെന്നും തീരുമാനം പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.