പിഎഫ് ആനുകൂല്യം നിശ്ചയിക്കുന്നതിനുള്ള ശമ്പള പരിധി ഉയര്‍ത്തി കേന്ദ്രം
പിഎഫ് ആനുകൂല്യം നിശ്ചയിക്കുന്നതിനുള്ള ശമ്പള പരിധി ഉയര്‍ത്തി കേന്ദ്രം
സര്‍ക്കാരിന് 11339 കോടി രൂപയുടെ അധിക ചെലവ് വരുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പരിധിയില്‍ മാറ്റം വരുന്നത്.
പിഎഫ് ആനുകൂല്യം നിശ്ചയിക്കുന്നതിനുള്ള ശമ്പള പരിധി 15,000-ല്‍ നിന്ന് 25,000 രൂപയാക്കി ഉയര്‍ത്തി. ഇതോടെ ഏകദേശം 51 ലക്ഷം ജീവനക്കാര്‍ക്ക് കൂടി ഇതിന്റെ പ്രയോജനം ലഭിക്കും. 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പരിധിയില്‍ മാറ്റം വരുന്നത്. ഇതോടെ സര്‍ക്കാരിന് 11339 കോടി രൂപയുടെ അധിക ചെലവ് വരുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇത് ജീവനക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നുവെന്നും ഇപ്പോള്‍ പ്രധാനമന്ത്രി അതിന് അംഗീകാരം നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
'ഇത് ജീവനക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു. ഇപ്പോള്‍ പ്രധാനമന്ത്രി ഇതിന് അംഗീകാരം നല്‍കിയിരിക്കുകയാണ്. പല സംസ്ഥാനങ്ങളിലും അവിദഗ്ധ തൊഴിലാളികളുടെ മിനിമം വേതനം 15,000 രൂപയ്ക്ക് മുകളിലായിട്ടുണ്ട്. അതിനാല്‍ 2014-ല്‍ നിശ്ചയിച്ച ഈ പരിധിക്ക് ഇപ്പോള്‍ പ്രസക്തിയില്ലായിരുന്നു. അതുകൊണ്ടാണ് വിവിധ ചര്‍ച്ചകള്‍ക്ക് ശേഷം ശമ്പള പരിധി 25,000 രൂപയായി ഉയര്‍ത്താന്‍ ഞങ്ങള്‍ തീരുമാനിച്ചത്,'' അശ്വിനി വൈഷ്ണവ് കൂട്ടിച്ചേര്‍ത്തു. തീരുമാനം സെപ്റ്റംബര്‍ 17 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
2014 സെപ്റ്റംബര്‍ മാസത്തിലാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ശമ്പള പരിധി അവസാനമായി ഉയര്‍ത്തിയത്. പ്രതിമാസം 15,000 രൂപയ്ക്കും 25,000 രൂപയ്ക്കും ഇടയില്‍ ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ക്ക് ഇനി മുതല്‍ ഇപിഎഫ് വ്യവസ്ഥകള്‍ക്ക് വിധേയമായി ഉയര്‍ന്ന ശമ്പള പരിധിയിലുള്ള നിര്‍ബന്ധിത പ്രൊവിഡന്റ് ഫണ്ട് കവറേജ് ലഭിക്കും. പ്രതിമാസം 15,000 രൂപയില്‍ താഴെ ശമ്പളം വാങ്ങുന്ന ജീവനക്കാരെ സംബന്ധിച്ചിടത്തോളം പരിഷ്‌കരിച്ച പരിധി കാരണം മാറ്റങ്ങളൊന്നുമുണ്ടാകില്ല.