യുപിഎ സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ രണ്ട് പ്രധാന നിയമങ്ങൾ കൂടി ഭേദഗതി ചെയ്യാനൊരുങ്ങി കേന്ദ്ര സർക്കാർ
എംഎൻആർഇജിഎയ്ക്ക് ശേഷം, യുപിഎ സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ രണ്ട് പ്രധാന നിയമങ്ങൾ ഭേദഗതി ചെയ്യാനൊരുങ്ങി കേന്ദ്ര സർക്കാർ. വിദ്യാഭ്യാസ അവകാശ നിയമവും
ന്യൂഡൽഹി: എംഎൻആർഇജിഎയ്ക്ക് ശേഷം, യുപിഎ സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ രണ്ട് പ്രധാന നിയമങ്ങൾ ഭേദഗതി ചെയ്യാനൊരുങ്ങി കേന്ദ്ര സർക്കാർ. വിദ്യാഭ്യാസ അവകാശ നിയമവും ഭക്ഷ്യസുരക്ഷാ നിയമവുമാണ് ഭേദഗതി ചെയ്യുന്നതെന്നാണ് റിപോർട്ടുകൾ.. ഈ പദ്ധതികളുടെ ആനുകൂല്യങ്ങൾ അർഹരായ ഗുണഭോക്താക്കളിലേക്ക് എത്തുന്നുണ്ടെന്നും എല്ലാ ഗുണഭോക്താക്കളും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്നാണ് വാദം. ആദ്യം സർക്കാർ നിയന്ത്രണങ്ങളിലൂടെയും ഉത്തരവുകളിലൂടെയും പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കും. ഇത് പരാജയപ്പെട്ടാൽ, പാർലമെന്റിൽ പുതിയ നിയമനിർമ്മാണം (ബില്ലുകൾ) അവതരിപ്പിക്കപ്പെട്ടേക്കാം. കൂടാതെ, ഭവന നിർമ്മാണത്തിനുള്ള അവകാശം നിയമപരമായ അവകാശമാക്കുന്നതിനെക്കുറിച്ചും സർക്കാർ പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.
മൻമോഹൻ സിങ് സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ വികസനവുമായി ബന്ധപ്പെട്ട അവകാശങ്ങൾക്ക് മൂന്ന് പ്രധാന പോരായ്മകളുണ്ടെന്ന് കൺസൾട്ടേഷൻ പ്രക്രിയയിൽ ഉൾപ്പെട്ട ഒരു ഉദ്യോഗസ്ഥൻ വിശദീകരിച്ചെന്ന് ദൈനിക് ഭാസ്‌കർ റിപോർട്ട് ചെയ്തു. ഈ നിയമങ്ങൾ എല്ലാ കുട്ടികൾക്കും ശരിയായ വിദ്യാഭ്യാസമോ എല്ലാ കുടുംബങ്ങൾക്കും ഭക്ഷ്യസുരക്ഷയോ ഉറപ്പാക്കിയില്ലെന്നാണ് ഉദ്യോഗസ്ഥന്റെ വാദം. എല്ലാ ഗുണഭോക്താക്കളെയും പൂർണ്ണമായും രജിസ്റ്റർ ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചു. പദ്ധതികളുടെ ആനുകൂല്യങ്ങൾ ശരിയായ ആളുകളിലേക്ക് സമയബന്ധിതമായും കൃത്യമായും എത്തിച്ചേരണമെന്നും മോദി പറഞ്ഞു. എംഎൻആർഇജിഎയ്ക്ക് പകരമുള്ള വിബി-ജി റാം ജി ബിൽ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിലാണ് പാസാക്കിയത്.