സാമൂഹിക മാധ്യമങ്ങളുടെ നിയമപരിരക്ഷ എടുത്തുമാറ്റാൻ കേന്ദ്രസർക്കാർ ആലോചന
ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കും പ്രമുഖ സാമൂഹിക മാധ്യമങ്ങൾക്കും ഇതുവരെ നൽകിവന്നിരുന്ന നിയമപരമായ പരിരക്ഷ (Legal Immunity) പിൻവലിക്കാൻ കേന്ദ്ര ഐ.ടി മന്ത്രാലയം കർശനമായ കൂടിയാലോചനകൾ ആരംഭിച്ചു.
ഡൽഹി : ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കും പ്രമുഖ സാമൂഹിക മാധ്യമങ്ങൾക്കും ഇതുവരെ നൽകിവന്നിരുന്ന നിയമപരമായ പരിരക്ഷ (Legal Immunity) പിൻവലിക്കാൻ കേന്ദ്ര ഐ.ടി മന്ത്രാലയം കർശനമായ കൂടിയാലോചനകൾ ആരംഭിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകൾ, വിദ്വേഷ പ്രചാരണങ്ങൾ, മറ്റ് നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ എന്നിവയുടെ പേരിൽ പ്ലാറ്റ്ഫോമുകൾക്ക് ഇനിമേൽ എളുപ്പത്തിൽ നിയമനടടികളിൽ നിന്നും ഒഴിഞ്ഞുമാറാൻ സാധിക്കാത്ത തരത്തിലുള്ള നിയമഭേദഗതികളാണ് പരിഗണനയിലുള്ളത്. ഉള്ളടക്കത്തിന്റെ ഉത്തരവാദിത്തം കമ്പനികൾ നേരിട്ട് ഏറ്റെടുക്കേണ്ടി വരുന്ന രീതിയിലായിരിക്കും പുതിയ വ്യവസ്ഥകൾ രൂപീകരിക്കുക.
വലിയ തോതിലുള്ള സൈബർ സുരക്ഷാ പ്രശ്നങ്ങളും വ്യാജ പ്രൊഫൈലുകൾ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകളും ഇന്ത്യയിൽ പെരുകിവരുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ ശക്തമായ നീക്കം. പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്ന ഉള്ളടക്കങ്ങളുടെ മേൽ കൃത്യമായ നിരീക്ഷണം നടത്താൻ കമ്പനികൾ തയ്യാറാകാത്തതാണ് ഇത്തരം കുറ്റകൃത്യങ്ങൾ വർദ്ധിക്കാൻ കാരണമെന്ന് സർക്കാർ ചൂണ്ടിക്കാണിക്കുന്നു. നിയമപരമായ പരിരക്ഷ എടുത്തുമാറ്റുന്നതിലൂടെ വ്യാജ ഉള്ളടക്കങ്ങൾ തടയാൻ കമ്പനികൾ കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
എന്നാൽ സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ സാങ്കേതിക വിദഗ്ദ്ധരും അഭിപ്രായ സ്വാതന്ത്ര്യ പ്രവർത്തകരും ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. നിയമപരിരക്ഷ എടുത്തുമാറ്റുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമായി മാറുമോ എന്നും, ഇത് പ്ലാറ്റ്ഫോമുകൾ അനാവശ്യ സെൻസറിംഗിന് കാരണമാകുമോ എന്നും അവർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം, രാജ്യത്തിന്റെ സുരക്ഷയ്ക്കും പൊതുസമൂഹത്തിന്റെ നന്മയ്ക്കും ഡിജിറ്റൽ ഇടങ്ങളുടെ ഉത്തരവാദിത്തം അത്യാവശ്യമാണെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്നത്. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച് സാങ്കേതിക കമ്പനികളുമായി ഔദ്യോഗിക ചർച്ചകൾ നടക്കുമെന്നാണ് സൂചന.