സിജെപിക്കെതിരെ വിദേശ ഫണ്ടിങ് ആരോപണവുമായി കേന്ദ്രം; അന്വേഷണവുമായി ഡൽഹി പോലീസ് ക്രൈംബ്രാഞ്ച്

ഇന്ത്യയിൽ അശാന്തിയും സംഘർഷവും സൃഷ്ടിക്കുന്നതിനായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) വിദേശ സംഘടനകളിൽ നിന്നും ഇന്ത്യാവിരുദ്ധ ശക്തികളിൽ നിന്നും അനധികൃതമായി പണം കൈപ്പറ്റിയതായി കേന്ദ്ര സർക്കാരിന്റെ ആരോപണം. സംഘടനയുടെ സ്ഥാപകൻ അഭിജീത് ദിപ്‌കെ, സഹകൺവീനർ അശുതോഷ് റങ്ക എന്നിവർക്ക് വിദേശ ഫണ്ടിങ് ബന്ധമുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

 

ന്യൂഡൽഹി: ഇന്ത്യയിൽ അശാന്തിയും സംഘർഷവും സൃഷ്ടിക്കുന്നതിനായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) വിദേശ സംഘടനകളിൽ നിന്നും ഇന്ത്യാവിരുദ്ധ ശക്തികളിൽ നിന്നും അനധികൃതമായി പണം കൈപ്പറ്റിയതായി കേന്ദ്ര സർക്കാരിന്റെ ആരോപണം. സംഘടനയുടെ സ്ഥാപകൻ അഭിജീത് ദിപ്‌കെ, സഹകൺവീനർ അശുതോഷ് റങ്ക എന്നിവർക്ക് വിദേശ ഫണ്ടിങ് ബന്ധമുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

അമേരിക്ക ആസ്ഥാനമായുള്ള സംഭാവനദാതാക്കളിൽ നിന്ന് അഭിജീത് ദിപ്‌കെ പണം സ്വീകരിച്ചെന്നും പാകിസ്ഥാൻ രാഷ്ട്രീയ നേതാക്കൾ അശുതോഷ് റങ്കയ്ക്ക് സാമ്പത്തിക സഹായം നൽകിയെന്നുമാണ് ആരോപണം. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ഇന്ത്യാവിരുദ്ധ എൻജിഒകളും മറ്റ് സംഘടനകളുമാണ് ഫണ്ടിങ്ങിന് പിന്നിലെന്ന് ബെംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി വ്യക്തമാക്കി. ഉത്സവകാലത്ത് ഡൽഹിയിൽ സംഘർഷവും അരാജകത്വവും സൃഷ്ടിക്കാൻ സിജെപി സമരം സംഘടിപ്പിച്ചെന്നും രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർക്കാനുള്ള ആസൂത്രിത നീക്കമാണിതെന്നും ബിജെപി വക്താവ് തുഹിൻ എ. സിൻഹ കുറ്റപ്പെടുത്തി.

അതിനിടെ, കേസിൽ സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ ചോദ്യം ചെയ്യുന്നതിനായി ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് വിളിപ്പിച്ചു. നിരോധനാജ്ഞ ലംഘിക്കൽ, അനുമതിയില്ലാതെ ജന്തർ മന്തറിൽ പ്രവേശിക്കൽ, മറ്റൊരു രാഷ്ട്രീയ പാർട്ടിയുടെ സ്ഥലത്ത് അതിക്രമിച്ചുകയറൽ തുടങ്ങിയ സംഭവങ്ങളിലാണ് അന്വേഷണം നടക്കുന്നത്. മുൻപ് ഒക്ടോബർ 10-ന് കസ്റ്റഡിയിലെടുത്ത ഇരുവരെയും ഒരു വർഷത്തേക്ക് സമാധാനലംഘനത്തിൽ ഏർപ്പെടില്ലെന്ന ബോണ്ടിലാണ് വിട്ടയച്ചിരുന്നത്. എന്നാൽ ഒക്ടോബർ 13-ന് വീണ്ടും ബാരിക്കേഡുകൾ മറികടന്ന് ജന്തർ മന്തറിലെത്തി തെരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ പ്രതിഷേധിച്ചതോടെ പോലീസ് വീണ്ടും കേസെടുക്കുകയായിരുന്നു