സി.ബി.എസ്.ഇ മൂല്യനിർണ്ണയ വിവാദം ; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

 സി.ബി.എസ്.ഇ മൂല്യനിർണ്ണയ വിവാദത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പന്ത്രണ്ടാം ക്ലാസ് പരീക്ഷാ പേപ്പറുകൾ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് സ്കാൻ ചെയ്തതെന്നും ഇതിന് പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നും രാഹുൽ ഗാന്ധി എക്സിലൂടെ ആരോപിച്ചു.
 

 ന്യൂഡൽഹി: സി.ബി.എസ്.ഇ മൂല്യനിർണ്ണയ വിവാദത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പന്ത്രണ്ടാം ക്ലാസ് പരീക്ഷാ പേപ്പറുകൾ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് സ്കാൻ ചെയ്തതെന്നും ഇതിന് പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നും രാഹുൽ ഗാന്ധി എക്സിലൂടെ ആരോപിച്ചു.

ടെണ്ടർ വ്യവസ്ഥകളിൽ അട്ടിമറി നടത്തി ഒരു പ്രത്യേക കമ്പനിക്ക് കരാർ ഒപ്പിച്ചു നൽകാൻ സി.ബി.എസ്.ഇ ഒത്തുകളിച്ചതായാണ് ആരോപണം. ഝാർഖണ്ഡിൽ നിന്നുള്ള സാർത്ഥക് സിദ്ധാന്ത് എന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി സെൻട്രൽ പബ്ലിക് പ്രൊക്യുർമെന്റ് പോർട്ടലിലെ രേഖകൾ പരിശോധിച്ച് പുറത്തുവിട്ട വിവരങ്ങൾക്ക് മറുപടിയായാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.

കരാർ ലഭിച്ച 'കോഎംപ്റ്റ്' (COEMPT) എന്ന കമ്പനി മൊബൈൽ ഫോൺ ഉപയോഗിച്ചാണ് പരീക്ഷാ പേപ്പറുകൾ സ്കാൻ ചെയ്തതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ‘സി.ബി.എസ്.ഇ യുടെ മേയ് 2025ലെ ടെണ്ടർ പ്രകാരം ഓട്ടോമാറ്റിക് റോബോട്ടിക് സ്കാനറുകൾ ഉപയോഗിച്ച്, 300 ഡി.പി.ഐ (DPI) വ്യക്തതയിൽ വേണമായിരുന്നു ഉത്തരക്കടലാസുകൾ സ്കാൻ ചെയ്യാൻ. എന്നാൽ ആഗസ്റ്റിൽ പുറത്തിറക്കിയ പുതുക്കിയ ടെണ്ടറിൽ ഈ വ്യവസ്ഥകളെല്ലാം അട്ടിമറിക്കപ്പെട്ടു. സ്കാനറുകളുടെ നിലവാരം കുറക്കുകയും വ്യക്തത 200 ഡി.പി.ഐ ആയി നിശ്ചയിക്കുകയും ചെയ്തു’ രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

പരീക്ഷാ പേപ്പറുകളിലെ അവ്യക്തതയും പേജുകൾ നഷ്ടപ്പെട്ടതുമെല്ലാം വെറുമൊരു സാങ്കേതിക പിഴവല്ലെന്നും, ഒരു പ്രത്യേക വെണ്ടർക്ക് വേണ്ടി ടെണ്ടർ വ്യവസ്ഥകൾ മാറ്റിയെഴുതിയതിന്റെ ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 18.5 ലക്ഷം കുട്ടികളുടെ ഭാവി വെച്ചാണ് പന്താടിയതെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനുമിതിനെതിരെ മൗനം പാലിക്കുന്നത് കുറ്റകരമായ പങ്കാളിത്തമാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.