സിബിഎസ്ഇ പാഠ്യപദ്ധതി; ഒന്‍പതാം ക്ലാസ് തലത്തില്‍ മൂന്നാം ഭാഷ ഏര്‍പ്പെടുത്തുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി
സിബിഎസ്ഇ പാഠ്യപദ്ധതിയില്‍ ഒന്‍പതാം ക്ലാസ് തലത്തില്‍ മൂന്നാം ഭാഷ ഏര്‍പ്പെടുത്തുന്നതില്‍ സുപ്രീം കോടതിക്ക് ആശങ്ക. ബോര്‍ഡ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇത് അനാവശ്യ മാനസിക സമ്മര്‍ദം ഉണ്ടാക്കുമെന്ന് ജസ്റ്റിസ് ബിവി നാഗരത്‌ന നിരീക്ഷിച്ചു. തമിഴ്നാട്ടിലെ എല്ലാ ജില്ലകളിലും ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ സൗകര്യമൊരുക്കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം.
ന്യൂഡല്‍ഹി: സിബിഎസ്ഇ പാഠ്യപദ്ധതിയില്‍ ഒന്‍പതാം ക്ലാസ് തലത്തില്‍ മൂന്നാം ഭാഷ ഏര്‍പ്പെടുത്തുന്നതില്‍ സുപ്രീം കോടതിക്ക് ആശങ്ക. ബോര്‍ഡ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇത് അനാവശ്യ മാനസിക സമ്മര്‍ദം ഉണ്ടാക്കുമെന്ന് ജസ്റ്റിസ് ബിവി നാഗരത്‌ന നിരീക്ഷിച്ചു. തമിഴ്നാട്ടിലെ എല്ലാ ജില്ലകളിലും ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ സൗകര്യമൊരുക്കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം. നവോദയ സ്‌കൂളുകള്‍ പിന്തുടരുന്ന ത്രിഭാഷാ നയത്തോടുള്ള വിയോജിപ്പ് ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് സര്‍ക്കാര്‍ സംസ്ഥാനത്ത് ഇത്തരം സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിനെ നിരന്തരം എതിര്‍ത്തുപോരുന്നത്.
കേസില്‍ സിബിഎസ്ഇയുടെ ഭാഷാനയത്തിന്റെ സാധുത നേരിട്ട് വിഷയമായിരുന്നില്ലെങ്കിലും, മൂന്നാം ഭാഷ ഏര്‍പ്പെടുത്തുന്ന പ്രായത്തെക്കുറിച്ച് ജസ്റ്റിസ് നാഗരത്‌ന നിര്‍ണായകമായ നിരീക്ഷണങ്ങള്‍ നടത്തുകയായിരുന്നു. 'മൂന്നാം ഭാഷ ഒന്‍പതാം ക്ലാസ് മുതല്‍ നിര്‍ബന്ധമായും പഠിക്കേണ്ടി വരുന്നത് മോശമായ രീതിയാണ്. ഒന്‍പതാം ക്ലാസ് എന്നത് കടുത്ത സമ്മര്‍ദമുള്ള സമയമാണ്. എന്തിനാണ് ഒന്‍പതാം ക്ലാസില്‍ പുതിയൊരു ഭാഷ കൊണ്ടുവരുന്നത്? അത് ആറാം ക്ലാസില്‍ തന്നെ തുടങ്ങണം'.
1970കളിലെ തന്റെ സ്‌കൂള്‍ വിദ്യാഭ്യാസവും ജസ്റ്റിസ് നാഗരത്‌ന അനുസ്മരിച്ചു. 'മുന്‍പൊക്കെ എട്ടാം ക്ലാസിന്റെ അവസാനം മുതല്‍ തന്നെ ബോര്‍ഡ് പരീക്ഷയ്ക്കുള്ള സമ്മര്‍ദം തുടങ്ങുമായിരുന്നു. അന്ന് ഞങ്ങള്‍ക്ക് അത്തരം തയ്യാറെടുപ്പുകള്‍ ഉണ്ടായിരുന്നുവെങ്കില്‍, ഇന്നത്തെ കുട്ടികളുടെ അവസ്ഥ എന്തായിരിക്കും? ഒന്‍പതാം ക്ലാസില്‍ പുതിയ ഭാഷ തുടങ്ങരുത്. ആറാം ക്ലാസില്‍ തന്നെ അത് ആരംഭിക്കണം. എത്ര നേരത്തെയാകുന്നോ, അത്രയും നല്ലത്'.
മൂന്നാം ഭാഷയായി ഹിന്ദി തന്നെ പഠിക്കണമെന്ന് നയത്തില്‍ എവിടെയും നിര്‍ബന്ധിക്കുന്നില്ലെന്ന് ജസ്റ്റിസ് നാഗരത്‌ന നിരീക്ഷിച്ചു. പ്രാദേശിക ഭാഷ പഠിപ്പിക്കണം, ഇംഗ്ലിഷ് പഠിപ്പിക്കണം, ഒപ്പം ഏതെങ്കിലും ഒരു മൂന്നാം ഭാഷയും. അത് ഹിന്ദി ആയിരിക്കണമെന്ന് പറയുന്നില്ല. നിങ്ങള്‍ക്ക് ഹിന്ദി വേണ്ടെങ്കില്‍, സംസ്‌കൃതമാണെങ്കില്‍ എന്താണ് പ്രശ്‌നമെന്നും കോടതി ചോദിച്ചു.