കാവേരി ജല തർക്കം ; ആഗസ്റ്റ് 17ന് സുപ്രീംകോടതി വാദം കേൾക്കും

 

 ന്യൂഡൽഹി: കാവേരി ജലം വിട്ടുനൽകണമെന്ന കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയുടെ നിർദേശം കർണാടക നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള തമിഴ്നാടിന്റെ ഹരജിയിൽ സുപ്രീംകോടതി ആഗസ്റ്റ് 17ന് വാദം കേൾക്കും. വ്യാഴാഴ്ച പരിഗണിക്കാനിരുന്ന ഹരജി ബെഞ്ചിന് നേതൃത്വം നൽകേണ്ട ജസ്റ്റിസ് വിക്രം നാഥിന് വൈറൽ പനി ബാധിച്ചതിനെ തുടർന്ന് മാറ്റുകയായിരുന്നു. അടുത്തയാഴ്ച അദ്ദേഹം കോടതിയിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അറിയിച്ചു.

ഡി.എം.കെ ക്കും ചില കർഷകർക്കുമായി ഹാജരായ മുതിർന്ന അഭിഭാഷകൻ പി. വിൽസൺ, കേസിൽ കക്ഷി ചേരാനുള്ള അപേക്ഷ തമിഴ്നാടിന്റെ ഹരജിക്കൊപ്പം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. കർണാടക കാവേരി ജലം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് സി.ഡബ്ലു.എം.എ പുതിയ നിർദേശം നൽകിയിട്ടും അത് നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സി.ഡബ്ലു.എം.എയുടെ ജൂലൈ 30 ലെ നിർദേശം നടപ്പാക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് ആഗസ്റ്റ് 3നാണ് സുപ്രീംകോടതിയെ സമീപിച്ചത്. കർണാടകയിലെ കബിനി, കൃഷ്ണരാജ സാഗർ അണക്കെട്ടുകളിൽ നിന്ന് ജലം വിട്ടുനൽകണമെന്നായിരുന്നു നിർദേശം. 15 ദിവസത്തേക്ക് പ്രതിദിനം 3,500 ക്യുസെക്സ് എന്ന തോതിൽ ആകെ 4.536 ടി.എം.സി ജലം ലഭിക്കണമെന്നും ആഗസ്റ്റ് 12നകം നിശ്ചിത അളവ് വിട്ടുനൽകണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടു.