മധ്യപ്രദേശില്‍ കന്നുകാലികള്‍ മൂലമുണ്ടാകുന്ന അപകടം; മൂന്ന് ദിവസം കൂടുമ്പോള്‍ ഒരാള്‍ മരിക്കുന്നു

സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ച കണക്കുകളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

 

കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ മാത്രം 94 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 133 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്


മധ്യപ്രദേശിലെ ഹൈവേകളിലും നഗര റോഡുകളിലും കന്നുകാലി ശല്യം വര്‍ദ്ധിക്കുന്നു. മൂന്ന് ദിവസം കൂടുമ്പോള്‍ ഒരാള്‍ വീതം കന്നുകാലികള്‍ കാരണമുണ്ടാകുന്ന റോഡപകടത്തില്‍ മരിക്കുന്നുണ്ടെന്ന് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. 

കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ മാത്രം 94 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 133 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ കാലയളവില്‍ കന്നുകാലികള്‍ മൂലം 237 റോഡപകടങ്ങള്‍ ഉണ്ടായി. വെള്ളിയാഴ്ച സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ച കണക്കുകളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

അലഞ്ഞുതിരിയുന്ന കന്നുകാലികളെക്കുറിച്ചുള്ള ജില്ല തിരിച്ചുള്ള വിവരങ്ങള്‍, അവ മൂലമുണ്ടാകുന്ന അപകടങ്ങളുടെ എണ്ണം, കര്‍ഷകരുടെ വിളകള്‍ക്കുണ്ടായ നഷ്ടം, അത്തരം നാശനഷ്ടങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നുണ്ടോ എന്നിവ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ അജയ് അര്‍ജുന്‍ സിംഗ് ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് ഈ കണക്കുകള്‍ പങ്കുവെച്ചത്.